LiveTV

Live

Gulf

യമന്‍ ജനതക്ക് സഹായ ഹസ്തവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം. യമന്‍ ജനതക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കലാണ് ലക്ഷ്യം

യമന്‍ ജനതക്ക് സഹായ ഹസ്തവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

യുദ്ധക്കെടുതി അനുഭവിക്കുന്ന യമന്‍ ജനതക്ക് സഹായ ഹസ്തവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍. സൗദി, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങളാണ് സഹായം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയുടെ യമന്‍ സഹായ പദ്ധതി പ്രഖ്യാപന സമ്മേളനത്തിലാണ് അറബ് രാഷ്ട്രങ്ങളുടെ പ്രഖ്യാപനം.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം. യമന്‍ ജനതക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കലാണ് ലക്ഷ്യം. ഇതിനായി ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസമാണ് ജനീവയില്‍ യോഗം ചേര്‍ന്നത്. നാല് ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആദ്യ ദിനത്തില്‍ 2.6 ബില്യണ്‍ ഡോളറിന്റെ സഹായ പ്രഖ്യാപനമാണ് നടന്നത്. സൗദി അറേബ്യയും യു.എ.ഇയും 500 മില്യണ്‍ വീതവും കുവൈത്ത് 250 മില്യണ്‍ ഡോളറുമാണ് അടിയന്തര സഹായമായി യമന് നല്‍കുക. ഇതിന് പുറമെ ബ്രിട്ടണ്‍, അമേരിക്കന്‍ ഏജന്‍സി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും സഹായവുമായി രംഗത്തെത്തി. 24 മില്യണ്‍ യമന്‍ ജനതയാണ് യുദ്ധത്തെ തുടര്‍ന്ന് അടിയന്തര സഹായത്തിനര്‍ഹരായി കഴിയുന്നത്.

യമന്‍ ജനതയില്‍ അഞ്ചില്‍ നാലു പേരും ഏതെങ്കിലും തരത്തില്‍ യുദ്ധകെടുതി അനുഭവിക്കുന്നതായി യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യമന്‍ ജനത ഏറ്റവും വലിയ മാനവിക ദുരന്തമാണ് അഭീമുകീകരിക്കുന്നത്. 20 മില്യണ്‍ ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടുകയാണ്. 10 മില്യണ്‍ പേര്‍ മാത്രമാണ് യമനില്‍ ഭേതപ്പെട്ട നിലയില്‍ ഭക്ഷണം പോലും കഴിക്കുന്നത് എന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗൂട്ടറസ് പറഞ്ഞു.