LiveTV

Live

Gulf

ലോക കേരള സഭ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം സമാപിച്ചു

പ്രവാസി വിഷയങ്ങള്‍ക്കായി രൂപവത്കരിച്ച വിവിധ സബ്കമ്മിറ്റികളുടെ ശുപാര്‍ശകളാണ് മേഖലാ സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തത്.

ലോക കേരള സഭ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി ദുബൈയില്‍ നടന്ന ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം സമാപിച്ചു. വിവിധ സമിതികള്‍ മുന്നോട്ടു വെച്ച പത്ത് നിര്‍ദേശങ്ങള്‍ സഭ അംഗീകരിച്ചു. പ്രവാസി പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രവാസി വിഷയങ്ങള്‍ക്കായി രൂപവത്കരിച്ച വിവിധ സബ്കമ്മിറ്റികളുടെ ശുപാര്‍ശകളാണ് മേഖലാ സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തത്. വൈകീട്ട് സമാപന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായ എം.എ യൂസഫലി, ഡോ.ആസാദ് മൂപ്പന്‍, ഡോ.രവി പിള്ള, സി.വി റപ്പായി, ബെന്യാമിന്‍, വിദ്യ അഭിലാഷ് എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സംസാരിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടരി ഡോ. കെ ഇളങ്കോവന്‍, എം.എല്‍.എ മാരായ കാരാട്ട് റസാഖ്, പാറക്കല്‍ അബ്ദുള്ള എന്നിവരും സംബന്ധിച്ചു. മേഖലാ സമ്മേളനം മികച്ച വിജയമാണെന്ന് സംഘാടകരില്‍ ഒരാളായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഡോ. വി.ടി വിനോദനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. സമ്മേളനത്തിന് സഹായം നല്‍കിയ എം.എ യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, രവി പിള്ള, ഡോ. ഷംസീര്‍ വയലില്‍, കെ മുരളീധരന്‍, വി.എ ഹസ്സന്‍, ആശാ ശരത് എന്നിവര്‍ക്കുള്ള മെമന്റോയും മുഖ്യമന്ത്രി സമ്മാനിച്ചു.