ചരിത്രം കുറിച്ച് ‘പ്രവാസോല്‍സവം 2019’; സാക്ഷിയായി ജനസാഗരം
കാണികളെ ഇളക്കി മറിച്ച് യുവനായകന് ദുല്‍ഖര്‍ സല്‍മാനും സംഘവും ഉല്‍സവരാവ് അവിസ്മരണീയമാക്കി.

പ്രവാസലോകത്തിന്റെ മനസ് നിറച്ച് ദുബൈ ആഗോളഗ്രാമത്തില്‍ വീണ്ടും 'മീഡിയവണ്‍' പ്രവാസോല്‍സവം ചരിത്രം കുറിച്ചു. കാണികളെ ഇളക്കി മറിച്ച് യുവനായകന് ദുല്‍ഖര്‍ സല്‍മാനും സംഘവും ഉല്‍സവരാവ് അവിസ്മരണീയമാക്കി. യു.എ.ഇ സഹിഷ്ണുതാ വര്‍ഷം പ്രമാണിച്ച് സഹിഷ്ണുതയുടെ മഹോല്‍സവം എന്ന സന്ദേശത്തിലായിരുന്നു കലാവിരുന്ന്.
പല വര്‍ണത്തില്‍ കൊടികളേന്തിയ കുട്ടികള്‍ക്കൊപ്പമാണ് ആരാധകരുടെ കുഞ്ഞിക്ക പ്രവാസോല്സവത്തിന്റെ വേദിയിലെത്തിയത്. ഒരുമയുടെ സന്ദേശം പകര്‍ന്ന് ദുല്‍ഖര്‍ പ്രവാസോല്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മീഡിയവണ്‍ ഡെപ്യൂട്ടി സി.ഇ.ഒ എം.സാജിദ് പുരുഷാരത്തെ സ്വാഗതം ചെയ്തു. ജോയ് ആലുക്കാസ് ജ്വല്ലേഴ്സ് മേധാവി ജോയ് ആലുക്കാസ് സംസാരിച്ചു. ഉപഹാരങ്ങള്‍ കൈമാറി സ്റ്റേജ് കലാപ്രകടനങ്ങള്‍ക്ക് വഴി മാറി. ഗായകന് വിനീത് ശ്രീനിവാസനൊപ്പം പാട്ടുപാടി നൃത്തം ചവിട്ടാന്‍ ദുല്ഖറെത്തിയതോടെ ജനസമുദ്രം ഇളകി മറിഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ഗ്ലോബല്‍ വില്ലേജ് സി.ഇ.ഒ അലി അല്‍ സുവൈദി, മീഡിയവണ്‍ മീഡിലീസ്റ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് റോഷന്, ഡയറക്ടര്‍മാരായ ഡോ. ടി.അഹമ്മദ്, വി.പി അബു, മിഡിലീസ്റ്റ് എഡിറ്റോറിയല്‍ വിഭാഗം മേധാവി എം.സി.എ നാസര്‍, ചീഫ് ജനറല്‍ മാനേജര്‍ മാത്യൂ, സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്ബക്കര്, ഗള്‍ഫ് മാധ്യമം റസിഡന്റ് എഡിറ്റര്‍ പി.ഐ നൗഷാദ്, കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ബിഷ്റുദ്ദീന് ശര്‍ഖി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.