LiveTV

Live

Gulf

ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ യു.എ.ഇ ഒരുങ്ങി

യു.എ.ഇയിൽ താമസിക്കുന്ന കത്തോലിക്ക അനുയായികളെ സംബന്ധിച്ച് അത്യപൂർവ ഭാഗ്യമാണ് കൈവന്നിരിക്കുന്നത്

ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ യു.എ.ഇ ഒരുങ്ങി

ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ യു.എ.ഇ ഒരുങ്ങി. മാനവരാശിക്ക് മുഴുവൻ പ്രത്യാശയുടെ തിരി തെളിയിക്കുന്ന സന്ദർശനമായിരിക്കും പോപ്പിന്റേതെന്നാണ് വിലയിരുത്തല്‍. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ലോകത്തിനു പകരാൻ സന്ദർശനം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ്
അറബ് മേഖല.

അറേബ്യൻ ഉപദ്വീപിലേക്കുള്ള മാർപാപ്പയുടെ ആദ്യ സന്ദർശനത്തിന് വേദിയൊരുക്കാൻ സഹിഷ്ണുത വർഷം ആചരിക്കുന്ന യു.എ.ഇയുടെ തലസ്ഥാനമായ അബൂദബിക്കാണ് അവസരം ലഭിച്ചത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്‍റെ ക്ഷണം സ്വീകരിച്ച് മാർപാപ്പ എത്തുമ്പാൾ വത്തിക്കാനും യു.എ.ഇയും തമ്മിലുള്ള ബന്ധങ്ങളിൽ പുത്തൻ അധ്യായങ്ങളും രചിക്കപ്പെടുകയാണ്.

യു.എ.ഇയിൽ താമസിക്കുന്ന കത്തോലിക്ക അനുയായികളെ സംബന്ധിച്ച് അത്യപൂർവ ഭാഗ്യമാണ് കൈവന്നിരിക്കുന്നത്. മാർപാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ പെങ്കടുത്ത് മലയാളികൾ ഉൾപ്പെടെയുള്ള 1,35,000ത്തോളം പേർ ആത്മനിർവൃതി നേടും. വ്യത്യസ്ത മതനേതാക്കൾ പെങ്കടുക്കുന്ന സമ്മേളനത്തിൽ മാർപാപ്പ ആശയങ്ങൾ പങ്കുവെക്കും. മുസ്‍ലിം എൽഡേഴ്സ് കൗൺസിൽ അംഗങ്ങളുമായി അദ്ദേഹം ചർച്ച നടത്തും. അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബുമായി കൂടിക്കാഴ്ച നടത്തും.

ഞായറാഴ്ച രാത്രി അബൂദബിയിലെത്തുന്ന മാർപാപ്പ തിങ്കളാഴ്ച ശൈഖ് മുഹമ്മദ് ബിൻ സായിദുമായി ചർച്ച നടത്തും. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മാർപാപ്പക്ക് സ്വീകരണം നൽകും. ചൊവ്വാഴ്ചയാണ് വിശ്വാസികൾ കാത്തിരിക്കുന്ന വിശുദ്ധ കുർബാന. കുർബാനക്ക് മുമ്പായി മാർപാപ്പ അബൂദബി സെന്‍റ് ജോസഫ്സ് കത്തീഡ്രൽ സന്ദർശിക്കും. കുർബാനക്ക് ശേഷം ഉച്ചയോടെ അദ്ദേഹം റോമിലേക്ക് മടങ്ങും.