LiveTV

Live

Gulf

സംസ്ഥാന ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവാസികള്‍

വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നോര്‍ക്ക സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം

സംസ്ഥാന ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവാസികള്‍

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കുന്നതിനെ പ്രവാസികള്‍ സന്തോഷത്തോടെയാണ് വരവേറ്റത്. ആദ്യമായാണ് ഒരു സംസ്ഥാനം വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക കാണിച്ചിരിക്കുകയാണെന്ന് ഗള്‍ഫിലെ സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നോര്‍ക്ക സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും മാതൃക കാണിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളും ഇത് നടപ്പാക്കണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി പ്രതികരിച്ചു.

ലോകകേരള സഭയുടെ യോഗത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസകിന്‍റെ മുന്നില്‍ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനത്തിലൂടെ അദ്ദേഹം ആവശ്യം പരിഗണിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മരിക്കുന്നത് യു.എ.ഇയിലും സൗദിയിലുമാണ്. ഏകദേശം 4500 ദിര്‍ഹത്തിലേറെ അഥവാ ഒരുലക്ഷത്തോളം രൂപ ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

സാന്ത്വനം പദ്ധതിക്കുള്ള തുക വര്‍ധിപ്പിച്ചത് ആശ്വാസകരമാണെങ്കിലും പ്രവാസി പുനരവധിവാസ പദ്ധതികള്‍ക്കുള്ള ഫണ്ട് പുതിയ സാഹചര്യത്തില്‍ പര്യാപ്തമല്ലെന്നാണ് പ്രവാസ ലോകത്തെ വിലയിരുത്തല്‍. ഡിവിഡന്‍റ് പദ്ധതിയിലെ മിനിമം തുക സാധാരണക്കാരന് അപ്രാപ്യമാണെന്നും പ്രവാസികള്‍ പറയുന്നു.

ഇരുപത്തിയഞ്ച് കോടി രൂപ സാന്ത്വനം പദ്ധതിക്കും പതിനഞ്ച് കോടി പ്രവാസി പുനരധിവാസ പദ്ധതിക്കുമാണ് ബജറ്റില്‍ നീക്കിവെച്ചത്. പ്രവാസികള്‍ക്ക് വലിയ ആശ്വാസമായ സാന്ത്വനത്തിനായുള്ള നീക്കിയിരുപ്പ് കൂട്ടിയതിനെ പ്രവാസ ലോകം സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രവാസി പുനരധിവാസ പദ്ധതിക്കുള്ള നീക്കിയിരുപ്പ് കുറഞ്ഞുപോയെന്നാണ് ആക്ഷേപം.

പ്രവാസി ഡിവിഡന്‍റ് പദ്ധതിയാണ് മറ്റൊരു പ്രഖ്യാപനം. മിനിമം അഞ്ച് ലക്ഷം രൂപ ഒറ്റത്തവണയായി ഡെപോസിറ്റ് ചെയ്യുകയും കിഫ്ബിയിലിട്ട് അഞ്ച് വര്‍ഷത്തിന് ശേഷം പലിശ ഡിവിഡന്‍റായി നല്‍കുന്നതാണ് പദ്ധതി. ഒന്നോ ര‌ണ്ടോ രാജ്യങ്ങളില്‍ മാത്രം പ്രാവര്‍ത്തികമായ പ്രവാസി ചിട്ടി പതിവുപോലെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങരുതെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു