LiveTV

Live

Gulf

ദേശസ്നേഹത്തിന്‍റെ നിറവില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

നിരവധി പരിപാടികളോടെ വര്‍ണ്ണാഭമായാണ് ഒമാന്‍, ജിദ്ദ, യു.എ.ഇ എന്നിവിടങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം അരങ്ങേറിയത്

ദേശസ്നേഹത്തിന്‍റെ നിറവില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ദേശാഭിമാനത്തിന്‍റെ നിറവിൽ രാജ്യത്തിന്‍റെ എഴുപതാമത് റിപ്പബ്ലിക് ദിനം ഗള്‍ഫ് രാജ്യങ്ങള്‍ സമുചിതമായി ആഘോഷിച്ചു. നിരവധി പരിപാടികളോടെ വര്‍ണ്ണാഭമായാണ് ഒമാന്‍, ജിദ്ദ, യു.എ.ഇ എന്നിവിടങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം അരങ്ങേറിയത്. ഇന്ത്യ - യു.എ.ഇ ബന്ധത്തിന്റെ പ്രതീകമായി അബൂദബിയിലെയും ദുബൈയിലെയും പ്രധാന കെട്ടിടങ്ങള്‍ രാത്രി ഇന്ത്യന്‍ ദേശീയപതാകയുടെ ത്രിവര്‍ണത്തിലായി. എല്ലായിടത്തും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.

ഒമാനില്‍ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ നടന്ന ചടങ്ങിൽ രാവിലെ എട്ടരക്ക് ഇന്ത്യൻ സ്ഥാനപതി മുനു മഹാവേർ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ സന്ദേശം അദ്ദേഹം വായിച്ചു. സ്ത്രീ ശാക്തീകരണം, പ്രവാസി വോട്ട്, സ്വച്ച് ഭാരത്, ശാസ്ത്ര സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടം എന്നിങ്ങനെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് രാഷ്ട്രപതിയുടെ പ്രസംഗം.

ദുബൈയില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലും, ദുബൈ ഫ്രെയിമിലും ഇന്ത്യന്‍ ദേശീയ പതാകയുടെ ത്രിവര്‍ണം നിറച്ചാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. അബൂദബി നഗരത്തിലെ ഗ്ലോബല്‍ മാര്‍ക്കറ്റ്, എമിറേറ്റ്സ് പാലസ്, ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് എന്നിവയും രാത്രി ത്രിവര്‍ണമണിഞ്ഞു. വിവിധ സ്കൂളിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതിരിപ്പിച്ചു.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ശൈഖ് ദേശീയ പതാകയുയർത്തി. ഇന്‍റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന ആഘോഷ പരിപാടികൾ ഏറെ ആകർഷണീയമായിരുന്നു. സമാധാനത്തിന്‍റെ പ്രതീകമായി കോൺസുൽ ജനറല്‍ പത്നി ഡോ. നസ്‌നീൻ റഹ്‌മാന്‍ 2 വെള്ളരിപ്രാവുകളെ വാനിലേക്ക് പറത്തിവിട്ടു.