LiveTV

Live

Gulf

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സമാപിച്ചു

പുരസ്‌കാര ജേതാക്കള്‍ക്കും വരാണസി പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ അവഗണന നേരിട്ടെന്ന പരാതിയും ഉയര്‍ന്നു

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സമാപിച്ചു

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് വരാണസിയില്‍ സമാപനം. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസികളെ ആഹ്വാനം ചെയ്തു. ഏറ്റവും കൂടുതല്‍ പൗരന്‍മാര്‍ വിദേശരാജ്യങ്ങളില്‍ ചേക്കേറിയ രാജ്യമെന്ന നിലക്ക് ഇന്ത്യക്ക് പ്രവാസികളോടുള്ള താല്‍പര്യത്തന്റെ തെളിവാണ് വിജകരമായ പ്രവാസി ഭാരതീയ ദിവസ് സമ്മേളനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വരാണസി സ്‌റ്റേഡിയത്തില്‍ ഒരുക്കിയ വേദിയില്‍ പി.ബി.ഡിയുടെ സമാപന ചടങ്ങില്‍ പെങ്കടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ മണ്ഡലം കൂടിയായ വരാണസിയില്‍ സംഘടിപ്പിച്ച പ്രവാസി സമ്മേളനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വലിയ പങ്കാളിത്തമാണുണ്ടായതെന്നാണ് വിദേശകാര്യ മന്ത്രാലയവും ചൂണ്ടിക്കാട്ടിയത്. അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ വരാണസി സമ്മേളനത്തിെന്റ മികവായി കാണാമെന്ന് സാമ്പത്തിക വിദഗ്ധന്‍ കെ.വി ശംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. പി.ബി.ഡിയിലൂടെ പ്രവാസി സമൂഹത്തില്‍ കൂടുതല്‍ സ്വാധീനം നേടുക എന്ന ലക്ഷ്യമായിരുന്നു കേന്ദ്ര, യു.പി സര്‍ക്കാറുകളുടേത്. പൊതുതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രചാരണ സ്വഭാവത്തില്‍ തന്നെയായിരുന്നു പി.ബി.ഡി സംഘാടനവും.

വിവിധ മേഘലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മുപ്പത് പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ കൈമാറി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങള്‍ കൈമാറിയത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥ്, മസ്‌കത്തിലെ വി.ടി വിനോദ് എന്നിവരാണ് പുരസ്‌കാരം ലഭിച്ച മലയാളികള്‍. അക്കാദമിക് പ്രവര്‍ത്തന മികവിന്റെ പേരിലാണ് ഗീതാ ഗോപിനാഥിന് പുരസ്‌കാരം. അവാര്‍ഡ് ദാന ചടങ്ങില്‍ അവര്‍ പങ്കെടുത്തില്ല. യു.എ.ഇയില്‍ നിന്ന് മൂന്ന് പേര്‍ക്ക് അവാര്‍ഡ് ലഭിച്ചു. സുലേഖാ ഹോസ്പിറ്റല്‍ ഉടമ ഡോ. സുലേഖാ ദൗദ്, ബിസിനസുകാരായ സുരേന്ദര്‍ സിങ് കണ്ഡാരി, ഗീരിഷ് പന്ത് എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഖത്തറില്‍ നിന്ന് പരിശീലകന്‍ പൂര്‍ണേന്ദു ചന്ദ്ര തിവാരിക്കാണ് പുരസ്‌കാരം. കുവൈത്തില്‍ നിന്ന് രാജ്പാല്‍ ത്യാഗിയും അവാര്‍ഡിന് അര്‍ഹനായി. സൗദി അറേബ്യയില്‍ നിന്ന് ഇക്കുറി ആര്‍ക്കും പുരസ്‌കാരം ലഭിച്ചില്ല. അതേ സമയം അമേരിക്കയില്‍ നിന്ന് നാലു പേര്‍ക്ക് പ്രവാസി പുരസ്‌കാരം ലഭിച്ചു.

പുരസ്‌കാര ജേതാക്കള്‍ക്കും വരാണസി പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ അവഗണന നേരിട്ടെന്ന പരാതിയും ഉയര്‍ന്നു. ബി.ജെ.പി ഭരണത്തില്‍ പുരസ്‌കാരം ലഭിച്ചവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ ഫീസിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചത്. എന്നാല്‍ മറ്റ് പുരസ്‌കാര ജേതാക്കള്‍ക്ക് ഇരിപ്പിടം പോലും കിട്ടിയില്ലെന്ന് സമ്മേളന പ്രതിനിധികള്‍ പറഞ്ഞു.

എല്ലാ വര്‍ഷവും 15 പ്രവാസികള്‍ക്കാണ് പ്രവാസി ഭാരതീയ ദിവസ് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. സമ്മേളനം രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റിയപ്പോള്‍ പുരസ്‌കാരങ്ങളുടെ എണ്ണം മുപ്പതായി ഉയര്‍ത്തുകയും ചെയ്തു. മുന്‍ ജേതാക്കള്‍ക്ക് തുടര്‍ സമ്മേളനങ്ങളില്‍ പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. എന്നാല്‍ മോദി ഭരണകാലത്ത് അവാര്‍ഡ് ലഭിച്ചവര്‍ക്കു മാത്രമേ ഈ ആനുകൂല്യം നല്‍കാന്‍ സാധിക്കൂ എന്ന നിലപാടാണ് ഇക്കുറി മന്ത്രാലയം സ്വീകരിച്ചതെന്ന് മുന്‍ അവാര്‍ഡ് ജേതാവും ബഹ്‌റൈനില്‍ മാധ്യമ പ്രവര്‍ത്തകനുമായ സോമന്‍ ബേബി ആരോപിച്ചു. അതേ സമയം ബി.ജെ.പി ഭരണത്തില്‍ പുരസ്‌കാരം നേടിയ അശ്‌റഫ് താമരശ്ശേരി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഹോട്ടല്‍, യാത്രാ സൗകര്യം എന്നിങ്ങനെ എല്ലാം നല്‍കാന്‍ മന്ത്രാലയം തയാറായിട്ടുമുണ്ട്. ഇത്തവണ പ്രവാസി പുരസ്‌കാരം നല്‍കുന്നവരില്‍ സംഘ് പരിവാര്‍ ആഭിമുഖ്യമുള്ളവരാണ് കൂടുതല്‍ പേരുമെന്ന ആരോപണവും ശക്തമാണ്.