LiveTV

Live

Gulf

കോടതിവിധിച്ച നഷ്ടപരിഹാരം പിടിച്ചുവെച്ച് മലയാളി സ്ഥാപന ഉടമ ദുബൈയില്‍ അന്ധനായ തൊഴിലാളിയെ വലയ്ക്കുന്നു

കാഴ്ച തിരിച്ചുകിട്ടാനുള്ള ചികില്‍സക്ക് നാട്ടില്‍ പോകാന്‍ പോലും കഴിയാതെ ദുരിതത്തിലാണ് തിരുവനന്തപുരം സ്വദേശി രാജന്‍.

കോടതിവിധിച്ച നഷ്ടപരിഹാരം പിടിച്ചുവെച്ച് മലയാളി സ്ഥാപന ഉടമ ദുബൈയില്‍ അന്ധനായ തൊഴിലാളിയെ വലയ്ക്കുന്നു

ശമ്പളം മുടക്കിയതിന് കോടതിവിധിച്ച നഷ്ടപരിഹാരം പിടിച്ചുവെച്ച് മലയാളി സ്ഥാപന ഉടമ ദുബൈയില്‍ അന്ധനായ തൊഴിലാളിയെ വലയ്ക്കുന്നു. കാഴ്ച തിരിച്ചുകിട്ടാനുള്ള ചികില്‍സക്ക് നാട്ടില്‍ പോകാന്‍ പോലും കഴിയാതെ ദുരിതത്തിലാണ് തിരുവനന്തപുരം സ്വദേശി രാജന്‍.

11 വര്‍ഷം താന്‍ വിയര്‍പ്പൊഴുക്കിയ സ്ഥാപനം 9 മാസത്തിലധികം ശമ്പളം നിഷേധിച്ചപ്പോഴാണ് രാജന്‍ ദാസന്‍ പാതി മങ്ങിയ കാഴ്ചയുമായി നിയമപോരാട്ടത്തിന് ഇറങ്ങിയത്. 16,360 ദിര്‍ഹം നഷ്ടപരിഹാരവും നാട്ടിലേക്ക് വിമാനടിക്കറ്റും നല്‍കാനാണ് നാലു മാസം മുന്‍പ് ദുബൈ കോടതി ഉത്തരവിട്ടത്. എന്നാല്‍, കോടതി വിധി നടപ്പാക്കാന്‍ മലയാളിയുടെ നിയന്ത്രണത്തിലെ ഈ സ്ഥാപനം തയ്യാറായിട്ടില്ല.

തിരുവനന്തപുരം സ്വദേശി പ്രദീപ് രാമന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്ഥാപനം. വരുമാനം നിലച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു, വിസാകഴിഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി. കോടതി ഇടപെട്ടതിനാല്‍ കമ്പനി താമസിക്കാന്‍ ഇടം നല്‍കിയിട്ടുണ്ട്. പക്ഷെ, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ് ഇദ്ദേഹം. കണ്ണിലെ വെളിച്ചവും പൊതുമാപ്പിന്റെ ആനുകൂല്യവും പൂര്‍ണമായി അണയും മുന്‍പ് രാജന് നാട്ടിലെത്തണം. അതിന് ഇനി ഏതുവാതില്‍ മുട്ടണമെന്ന് രാജനറിയില്ല.