LiveTV

Live

Gulf

യു.എ.ഇ പൊതുമാപ്പ്; 221 ഇന്ത്യാക്കാർക്ക് രാജ്യം വിടാനുള്ള അനുമതി പത്രം ലഭിച്ചു

താമസം നിയമവിധേയമാക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കാന്‍ സന്നദ്ധത അറിയിച്ച് സ്ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്

യു.എ.ഇ പൊതുമാപ്പ്;  221 ഇന്ത്യാക്കാർക്ക് രാജ്യം വിടാനുള്ള അനുമതി പത്രം ലഭിച്ചു

യു.എ.ഇയിലെ പൊതുമാപ്പ് ഒരാഴ്ച പിന്നിടുമ്പോള്‍ 221 ഇന്ത്യാക്കാർക്ക് രാജ്യം വിടാനുള്ള അനുമതി പത്രം ലഭിച്ചതായി അബൂദബി ഇന്ത്യന്‍ എംബസി അറിയിച്ചു. താമസം നിയമവിധേയമാക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കാന്‍ സന്നദ്ധത അറിയിച്ച് സ്ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.

അബൂദബി എമിറേറ്റില്‍ നിന്ന് 35 ഇന്ത്യക്കാരും ദുബൈ വടക്കന്‍ എമിറേറ്റുകളില്‍ നിന്ന് 186 പേരുമടക്കം 221 ഇന്ത്യന്‍ പൗരന്‍മാരാണ് പൊതുമാപ്പിന്റെ ആദ്യ ആഴ്ചയില്‍ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി പത്രം നേടിയത്. ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂറി, കൗണ്‍സിലര്‍ എം.രാജമുരുകന്‍ എന്നിവരാണ് അറിയിച്ചത്. വിസ സ്റ്റാറ്റസ് നിയമവിധേയമാക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കാന്‍ മൂന്ന് സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പൊതുമാപ്പിന് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഇത്തവണ കുറവാണ്. ഇന്ത്യക്കാരില്‍ നിയമലംഘകരുടെ എണ്ണം കുറഞ്ഞതാണ് കാരണം. വ്യാഴാഴ്ച മുതൽ ഷഹാമ കേന്ദ്രത്തിൽനിന്ന് ഇന്ത്യക്കാർക്ക് സൗകര്യപ്രദമായി മടങ്ങാൻ ഇന്ത്യൻ എംബസി ബസ് സർവീസ് ആരംഭിക്കുമെന്നും കേന്ദ്രത്തില്‍ ഭക്ഷണ പായ്ക്കുകൾ വിതരണം ചെയ്യുമെന്നും എംബസി അറിയിച്ചു.