LiveTV

Live

Gulf

ഹൂത്തികളുടെ മിസൈൽ ആക്രമണം സൗദി വ്യോമ പ്രതിരോധസേന തകർത്തു

യെമനിലെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന അംറാൻ എന്ന ചെറുനഗരത്തിൽ നിന്നാണ് മിസൈൽ എത്തിയത്. സൗദിയുടെ തെക്കുപടിഞ്ഞാറ് അതിർത്തി പ്രദേശമായ നജ്‌റാൻ നഗരമായിരുന്നു ലക്ഷ്യം.

ഹൂത്തികളുടെ മിസൈൽ ആക്രമണം സൗദി വ്യോമ പ്രതിരോധസേന തകർത്തു

സൗദിയിലെ നജ്‌റാൻ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സൗദിയുടെ വിവിധ അതിർത്തി പ്രദേശങ്ങളിലേക്ക് ഹൂത്തികളുടെ മിസൈല്‍ ആക്രമണം തുടര്‍ച്ചയായിട്ടുണ്ട്.

ഇന്നലെ രാത്രി 8.20 നായിരുന്നു സംഭവം. യെമനിലെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന അംറാൻ എന്ന ചെറു നഗരത്തിൽ നിന്നാണ് മിസൈൽ എത്തിയത്. സൗദിയുടെ തെക്കുപടിഞ്ഞാറ് അതിർത്തി പ്രദേശമായ നജ്‌റാൻ നഗരമായിരുന്നു ലക്ഷ്യം. എന്നാൽ ലക്ഷ്യം കാണുന്നതിനുമുമ്പ് സൗദി വ്യോമ പ്രതിരോധ സേന ആകാശത്തു വെച്ച് മിസൈല്‍ തകർത്തു. പരിക്കോ നാശനഷ്ടങ്ങളോ ഇല്ല.

ജനവാസ കേന്ദ്രമായിരുന്നു ഹൂത്തി ഭീകരവാദികളുടെ ലക്ഷ്യമെന്നു സഖ്യസേന വക്താവ് കേർണൽ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഇറാൻ പിന്തുണയോടെയാണ് ഹൂത്തികൾ നിരന്തരം മിസൈലുകൾ അയക്കുന്നത്. ഇത് യു.എൻ പ്രമേയങ്ങളുടെ നിരന്തര ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസമായി സൗദിയെ ലക്ഷ്യം വെച്ച് മിസൈലുകളും ഷെല്ലുകളും ഹൂത്തികള്‍ വിക്ഷേപിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും തകര്‍ത്തു. ചില മിസൈലുകള്‍ തകര്‍ന്നും അവശിഷ്ടങ്ങള്‍ പതിച്ചും ആളപായവും പരിക്കും ഉണ്ടായിരുന്നു.