LiveTV

Live

Gulf

കാനഡയുമായുള്ള വ്യാപാര, വിദ്യാഭ്യാസ, യാത്രാബന്ധങ്ങളും സൌദി മരവിപ്പിച്ചു

കനേഡിയന്‍ അംബാസിഡറെ ഇന്നലെ വിദേശകാര്യ മന്ത്രാലയം പുറത്താക്കിയിരുന്നു.

കാനഡയുമായുള്ള വ്യാപാര, വിദ്യാഭ്യാസ, യാത്രാബന്ധങ്ങളും സൌദി മരവിപ്പിച്ചു

ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെട്ടുവെന്ന് കാണിച്ച് കാനഡക്കെതിരെ സൌദി അറേബ്യ നിലപാട് കടുപ്പിച്ചു. കനേഡിയന്‍ അംബാസിഡറെ ഇന്നലെ വിദേശകാര്യ മന്ത്രാലയം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ കാനഡയുമായുള്ള വ്യാപാര, വിദ്യാഭ്യാസ, യാത്രാബന്ധങ്ങള്‍ സൌദി മരവിപ്പിച്ചു. എന്നാല്‍ മനുഷ്യാവകാശ പ്രശ്ങ്ങളില്‍ പിറകോട്ടില്ലെന്നും സൌദിയുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണെന്നും കാനഡ വിശദീകരിച്ചു.

നിയമ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ കാനഡ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അംബാസിഡറെ പുറത്താക്കിയത്. കാനഡയിലെ സൌദി അംബാസിഡറേയും സൌദി തിരിച്ചു വിളിച്ചിരുന്നു. പ്രോസിക്യൂഷന് കീഴിലുള്ള വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര നിയമം ലംഘിച്ച് കാനഡ ഇടപെട്ടുവെന്നാണ് സൌദി പറയുന്നത്.

ആഭ്യന്തര കാര്യങ്ങളില്‍ അനിയന്ത്രിതമായി ഇടപെട്ടതായി കാണിച്ച് കാനഡയിലേക്കുള്ള സൌദി എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തി വെച്ചു. കാനഡയിലേക്കുള്ള വ്യാപാര സന്ദര്‍ശനം മാറ്റിവെച്ചു. എല്ലാ മേഖലയിലുള്ള സഹകരണവും വേണ്ടെന്ന് വെച്ചു സൌദി.

Also read: കാനേഡിയന്‍ അംബാസിഡര്‍ രാജ്യം വിടണമെന്ന് സൌദി; സൗദി അംബാസിഡറെ തിരിച്ചു വിളിച്ചു

എന്നാല്‍ മനുഷ്യാവകാശ പ്രശ്ങ്ങളില്‍ പിറകോട്ടില്ലെന്നും സൌദിയുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണെന്നും കാനഡ വിശദീകരിച്ചു. നിലവിലെ നിലപാടില്‍ മാറ്റമില്ലെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. കാനഡയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന സൌദി വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് അവര്‍ പറഞ്ഞു. കാനഡയുമായി സഹകരിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും സൌദി നിര്‍ത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥര്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബ് മേഖലയില്‍ യുഎഇ, ബഹ്റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ സൌദിക്കൊപ്പമുണ്ട്.