LiveTV

Live

Gulf

ജീവനക്കാരിലെ വ്യാജബിരുദക്കാരുടെ പട്ടിക തയ്യാറാക്കി കുവൈത്ത്

ഉന്നതവിദ്യാഭ്യാസമന്ത്രാലയത്തിലെ വസ്തുതാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി സംശയിക്കുന്നവരുടെ പട്ടികയാണ് സിവിൽ സർവീസ് കമ്മീഷന് കൈമാറിയത്.

ജീവനക്കാരിലെ വ്യാജബിരുദക്കാരുടെ പട്ടിക തയ്യാറാക്കി കുവൈത്ത്

കുവൈത്തിൽ വ്യാജ യോഗ്യതാസർട്ടിഫിക്കറ്റുമായി നിയമനം നേടിയവരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് സിവിൽ സർവിസ് കമീഷന് കൈമാറി. ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നവർ വരെ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന. വ്യാജ ബിരുദക്കാരെ കണ്ടെത്താൻ സർക്കാർ ജീവനക്കാരുടെ മുൻകാലങ്ങളിലെ ഹാജർനില ഉൾപ്പെടെ പരിശോധിക്കുമെന്നു സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസമന്ത്രാലയത്തിലെ വസ്തുതാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി സംശയിക്കുന്നവരുടെ പട്ടികയാണ് സിവിൽ സർവീസ് കമ്മീഷന് കൈമാറിയത്. പട്ടികയിൽ ഉൾപ്പെട്ടവരുടെ ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തിരിച്ച് വാങ്ങുന്നതിന് വേണ്ടി കമീഷൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് സർക്കാറിൽ നിന്നും കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചു പിടിക്കുമെന്നു അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയിൽ കുറ്റം തെളിഞ്ഞവരിൽനിന്നു പണം തിരിച്ച് പിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായാണ് ഹാജർ നിലയും ബോണസ് ഉൾപ്പെടെ കൈപ്പറ്റിയ ആനുകൂല്യങ്ങളുടെ വിശദാംശങ്ങളും ശേഖരിക്കുന്നത്. രാജ്യാന്തര സർവകലാശാലകളിലെയും മറ്റും ബിരുദ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സ്ഥാനക്കയറ്റം, ആനുകൂല്യ വർധന എന്നിവ തരപ്പെടുത്തിയവർ ഏറെയാണ്. ഇവരിൽ പലരും തെറ്റായമാർഗങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചതെന്നാണ് അധികൃതർ കരുതുന്നത്. വിദേശത്തെ കോഴ്സ് കാലയളവിൽ അവർ കുവൈത്തിലുണ്ടായിന്നോ എന്നന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മുൻകാല ഹാജർ നില പരിശോധിക്കാൻ സിവിൽ സർവീസ് കമ്മീഷൻ ഒരുങ്ങുന്നത്.