LiveTV

Live

Gulf

അനധികൃതമായി വരുന്നവരെ കണ്ടെത്താന്‍ മക്കയില്‍ പഴുതടച്ച സുരക്ഷാ പരിശോധന

അനധികൃതമായി കടന്നാല്‍ വാഹനം പിടിച്ചെടുത്ത് നാടുകടത്തലാണ് ശിക്ഷ. ഹജ്ജിനെത്തിയ ഹാജിമാരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് കനത്ത പരിശോധന.

അനധികൃതമായി വരുന്നവരെ കണ്ടെത്താന്‍ മക്കയില്‍ പഴുതടച്ച സുരക്ഷാ പരിശോധന

അനുമതിപത്രമില്ലാത്ത ഒരാളും മക്കയില്‍ പ്രവേശിക്കാതിരിക്കാന്‍ പഴുതടച്ച സുരക്ഷാ പരിശോധന ആരംഭിച്ചു. അനധികൃതമായി കടന്നാല്‍ വാഹനം പിടിച്ചെടുത്ത് നാടുകടത്തലാണ് ശിക്ഷ. ഹജ്ജിനെത്തിയ ഹാജിമാരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് കനത്ത പരിശോധന. ഇതിനിടെ മക്കയിലേക്ക് കടക്കാന്‍ വ്യാജരേഖയുണ്ടാക്കിയ വിദേശികളെ അറസ്റ്റ് ചെയ്തു.

സ്വദേശികളും വിദേശികളുമടക്കം ഹജ് അനുമതിപത്രം അഥവാ തസ്‌രീഹ് ഉള്ളവര്‍ക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനം. ഇത് തടയാനുള്ള പരിശോധന നേരത്തെ തുടങ്ങിയിരുന്നു. എന്നാല്‍ തീര്‍ഥാടക പ്രവാഹം ശക്തമായതോടെ കൂടുതല്‍ ചെക് പോയിന്റുകള്‍ സ്ഥാപിച്ച് പരിശോധന തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ നിരവധി വാഹനങ്ങള്‍ തടഞ്ഞു. അകത്ത് പ്രവേശിച്ച അനധികൃതരെ നാടു കടത്തല്‍ നടപടിക്കായി കൈമാറി.

ഇതിനിടെ മക്കയില്‍ പ്രവേശിക്കാന്‍ വ്യാജ അനുമതി പത്രമുണ്ടാക്കിയ നാല് വിദേശികള്‍ അറസ്റ്റിലായി. അനധികൃത മാര്‍ഗങ്ങളിലൂടെ മക്കയിലെത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും തടയുകയാണ് ലക്ഷ്യം. അനധികൃതമായി ആളുകളെ മക്കയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. നിയമം ലംഘിക്കുന്നവരെ ഉടനെ തന്നെ നാടുകടത്തും. പത്തു വര്‍ഷത്തേക്ക് ഇവരെ തിരിച്ചുവരാന്‍ അനുവദിക്കില്ല.

ജവാസാത്ത്, ജയില്‍ വകുപ്പുകളടക്കം വിവിധ വകുപ്പുകള്‍ ഏകോപനത്തോടെയാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. തൊഴില്‍ അനുമതിയും മക്കയില്‍ താമസാനുമതിയും ഉള്ളവര്‍ക്ക് പ്രവേശനത്തിന് തടസ്സമില്ല.