LiveTV

Live

Gulf

സ്വദേശിവത്കരണം ഫലം കണ്ടു: കുവൈത്തില്‍ തൊഴില്‍‌രഹിതരുടെ എണ്ണം കുറഞ്ഞു

കുവൈത്ത് പൌരന്മാര്‍ക്കിടയില്‍ 13523 പേര്‍ മാത്രം തൊഴില്‍‌രഹിതരെന്ന് പുതിയ കണക്ക്. ജനസംഖ്യ കൂടിയിട്ടും തൊഴില്‍‌രഹിതരുടെ എണ്ണം കുറഞ്ഞത് സ്വദേശിവല്‍ക്കരണം മൂലമെന്ന് വിലയിരുത്തല്‍

സ്വദേശിവത്കരണം ഫലം കണ്ടു: കുവൈത്തില്‍ തൊഴില്‍‌രഹിതരുടെ എണ്ണം കുറഞ്ഞു

കുവൈത്ത് പൗരന്മാർക്കിടയിൽ തൊഴിലില്ലാത്തവരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. സിവിൽ സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 13523 പേരാണ് നിലവിൽ തൊഴിലില്ലാത്തവരായി ഉള്ളത്. ജനസംഖ്യയിൽ വര്‍ധനവുണ്ടായിട്ടും തൊഴിൽരഹിതരുടെ എണ്ണം കുറഞ്ഞത് സ്വദേശിവത്കരണ നടപടികളുടെ ഫലപ്രാപ്തിയാണ് വിലയിരുത്തപ്പെടുന്നത്.

2013 ൽ സിവിൽ സർവീസ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത സ്വദേശി ഉദ്യോഗാർഥികളുടെ എണ്ണം 19,218 ആയിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 13523 പേരാണ് നിലവിൽ തൊഴിലില്ലാത്തവരായി ഉള്ളത്. അഞ്ചു വർഷത്തിനുള്ളിൽ നിരവധി പേര്‍ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടും തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞത് സ്വദേശിവൽക്കരണ നടപടികൾ കാര്യക്ഷമമായി നടപ്പാക്കുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴിലില്ലാത്തവരിൽ 61.95 ശതമാനവും പ്രൈമറി, ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം മാത്രമുള്ളവരോ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരോ ആണ്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ ഒരുവിഭാഗം തങ്ങളുടെ പദവിക്കനുസരിച്ച ജോലി ലഭിച്ചില്ല എന്ന കാരണത്താൽ സർക്കാർ നൽകിയ ജോലി സ്വീകരിക്കാതിരിക്കുകയും ചെയ്തു. സർക്കാർ ജോലിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരിൽ 35 ശതമാനം പേർ സിവിൽ സർവിസ് കമീഷൻ വാഗ്ദാനം ചെയ്ത ജോലി നിരസിച്ചവരാണ്. ചില പ്രത്യേക വകുപ്പുകളിലും തസ്തികളിലും മാത്രം ജോലി ചെയ്യാൻ തയ്യാറുള്ളവരാണ് മറ്റൊരു വിഭാഗം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ജോലിക്ക് ക്ഷണിച്ച് സിവിൽ സർവീസ് കമീഷൻ കഴിഞ്ഞ മാസം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

സർവകലാശാല ബിരുദം യോഗ്യതയായുള്ള 2,342 തസ്തികകളാണ് ഒഴിവുള്ളത്. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 2400 ഒഴിവുകളുണ്ട്. നിലവിലുള്ള ഒഴിവുകൾ കൂടി നികത്തപ്പെട്ടാൽ തൊഴിലില്ലാത്ത കുവൈത്തികളുടെ എണ്ണം വളരെ കുറവാകുമെന്നും സിവിൽ സർവീസ് കമ്മീഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു.