LiveTV

Live

Gulf

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലിനെ നീക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നത

കമ്മറ്റിയെ സ്‌കൂൾ ഹയർ ബോർഡ് പിരിച്ചു വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് വിഷയം സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനു മുമ്പിലെത്തിക്കാൻ മാനേജിങ് കമ്മറ്റി തയ്യാറെടുക്കുന്നു

 ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലിനെ നീക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നത

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലിനെ സർവീസിൽ നിന്നും നീക്കുന്നതുമായി ബന്ധപ്പെട്ടു സ്‌കൂൾ മാനേജിങ് കമ്മറ്റിയിൽ ഭിന്നത. കമ്മറ്റിയിൽ നിന്നും ഒരംഗം രാജിവെച്ചു. കമ്മറ്റിയെ സ്‌കൂൾ ഹയർ ബോർഡ് പിരിച്ചു വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് വിഷയം സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനു മുമ്പിലെത്തിക്കാൻ മാനേജിങ് കമ്മറ്റി തയ്യാറെടുക്കുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ സയിദ് മസ്ഊദ് അഹമ്മദ് അടുത്ത വർഷം മാർച്ചോടെ വിരമിക്കാനിരിക്കെയാണ് പുതിയ വിവാദം. വിരമിക്കുന്നതിനു മുമ്പ് ഈ മാസം തന്നെ അദ്ദേഹത്തെ പിരിച്ചുവിടാൻ സ്‌കൂൾ ഹയർ ബോർഡ് മാനേജിങ് കമ്മറ്റിക്ക് പലതവണയായി നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം കമ്മറ്റിയിലെ ഭൂരിപക്ഷം പേരും എതിർക്കുകയായിരുന്നു.

7 അംഗ കമ്മറ്റിയിൽ നിന്നും വ്യക്തിപരമായ കാരണങ്ങളാൽ ഒരംഗം നേരത്തെ രാജിവെച്ചിരുന്നു. ബാക്കിയുള്ള 6 അംഗങ്ങളിൽ 5 പേരും ഹയർ ബോർഡ് തീരുമാനത്തെ എതിർത്തു. മുൻ ചെയർമാൻ കൂടിയായിരുന്ന ഒരംഗം തീരുമാനത്തിൽ പ്രതിഷേധിച്ചു രാജിവെച്ചു. ഇതോടെ മാനേജിങ് കമ്മറ്റിയെ തന്നെ പിരിച്ചുവിടാൻ ഹയർ ബോർഡ് ഒരുങ്ങുന്നതായാണ് അഭ്യൂഹം. ഇങ്ങിനെ ഒരു നടപടി വന്നാൽ വിഷയം സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനു മുമ്പിലെത്തിക്കാനാണ് കമ്മറ്റിയുടെ തീരുമാനം.

നിലവിലെ സ്‌കൂൾ മാനേജിങ് കമ്മറ്റിയുടെ മൂന്നു വർഷക്കാലാവധി അവസാനിക്കാൻ ഇനി ഒരു വർഷം കൂടി ബാക്കിയുണ്ട്. എന്നാൽ പുതിയ വിവാദത്തോടു സ്‌കൂൾ ഹയർ ബോര്‍ഡിന്റെയോ മറ്റോ പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. സൗദിയിലെ പ്രതിസന്ധികൾക്കിടയിൽ വിവിധ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഇന്ത്യക്കാരുടെ ഏകപ്രതീക്ഷയായ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിനെ സംബന്ധിച്ച ഇപ്പോഴത്തെ വിവാദം ആശങ്കയോടെയാണ് രക്ഷിതാക്കൾ നോക്കികാണുന്നത്.