LiveTV

Live

Gulf

ഹജ്ജിന് മുന്നോടിയായി സൗദിയിലേക്ക് മാംസം കയറ്റുമതി ചെയ്യാന്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിറുത്തി കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി

 ഹജ്ജിന് മുന്നോടിയായി സൗദിയിലേക്ക് മാംസം കയറ്റുമതി ചെയ്യാന്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഹജ്ജിന് മുന്നോടിയായി സൗദിയിലേക്ക് മാംസം കയറ്റുമതി ചെയ്യാന്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഒട്ടകങ്ങളെ മക്കയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് ഈ വര്‍ഷവും തുടരും.ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിറുത്തി കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയില്‍ കൊറോണ പടര്‍ന്ന് പിടിച്ചേക്കുമെന്ന ഭീതി കണക്കിലെടുത്താണ് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും ഒട്ടകത്തെ പ്രവേശിപ്പിക്കുന്നതിനും കശാപ്പ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയത്. 2015 ല്‍ മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ പ്രഖ്യാപിച്ച വിലക്ക് ഈ വര്‍ഷവും തുടരും. ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെ സാന്നിദ്ധ്യമുണ്ടാകുന്ന പ്രദേശങ്ങളിലെല്ലാം വിലക്ക് ബാധകമാണ്.മക്കയിലും പുണ്യസ്ഥലങ്ങളിലും ഒട്ടകപാല്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്.കൊറോണ വ്യാപനത്തിന്റെ പ്രധാന ഉറവിടം ഒട്ടകമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ബലികര്‍മ്മത്തിന് ഒട്ടകങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് 2015 ല്‍ ഫതവാ കമ്മറ്റി മതവിധി നല്‍കിയിരുന്നു.

സൗദിയിലേക്ക് മാംസവും കോഴിയിറച്ചിയും കയറ്റുമതി ചെയ്യുന്നവര്‍ക്ക് ഹലാല്‍ ഫുഡ് സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. മുസ്ലീം വേള്‍ഡ് ലീഗാണ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത്.കശാപ്പും ഭക്ഷ്യവസ്തു വ്യവസായവും നിരീക്ഷണ വിധേയമാക്കിയ ശേഷം നേരിട്ടും വിദേശരാജ്യങ്ങളിലെ ഓഫീസുകള്‍ വഴിയുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുക. മുപ്പത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന മുസ്ലീം വേള്‍ഡ് ലീഗിന് ലോകത്താകമാനം ഓഫീസുകളും പങ്കാളിത്തവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഹലാല്‍ ഫുഡ് സെന്റര്‍ മക്കയില്‍ സ്ഥാപിക്കാനുളള ശ്രമത്തിലാണ് സംഘടന. സൗദിയില്‍ ഹലാല്‍ ഫുഡ് വിപണിയുടെ ശേഷി 2200 കോടി റിയാലാണ്.