LiveTV

Live

Gulf

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവര്‍ക്കെതിരെ നടപടി

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ.

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവര്‍ക്കെതിരെ നടപടി

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇക്കാര്യത്തിൽ നടപടികൾ കൈക്കൊള്ളുമെന്ന് കമ്മീഷന്‍ ചെയർമാൻ അഹമ്മദ് അൽ ജസാർ വ്യക്തമാക്കി.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് കമ്മീഷന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന നടപടിക്ക് സിവിൽ സർവീസ് കമ്മീഷൻ ഒരുങ്ങുന്നത്. ഇത്തരക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് പുറമെ ഇതുവരെ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയവർക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയ പട്ടികയിൽ നിന്ന് ഒരാളെ പോലും മാറ്റിനിർത്തുകയോ ഒഴിവാക്കുകയോ ഇല്ലെന്നും സിഎസ്‌സി ചെയർമാൻ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വസ്തുതാന്വേഷണ വിഭാഗം വ്യാജമാണെന്ന് കണ്ടെത്തിയ 40 സർട്ടിഫിക്കറ്റുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുമായി പിടിയിലായ ഈജിപ്തുകാരനെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി
21 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾക്ക് 4000 ദീനാർ വരെ ലഭിച്ചിരുന്നതായി ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചതായാണ് വിവരം.

അതിനിടെ വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാർലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം ഉൾപ്പെടെ നിരവധി പേരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. വ്യാജസർട്ടിഫിക്കറ്റ് മാഫിയയെ വെളിച്ചത്തു കൊണ്ട് വരാൻ വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളെ സ്പീക്കർ അഭിനന്ദിച്ചു.