LiveTV

Live

Gulf

കുവൈത്തിലെ ഖറാഫി കമ്പനിയിലെ തൊഴിൽ പ്രശ്നം: ഇന്ത്യൻ തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കും 

ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിൽ പ്രശ്നം മൂലം നാട്ടിലേക്ക് പോയ ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്ത് തൊഴിൽ മന്ത്രാലയം നഷ്ടപരിഹാരം നൽകുന്നു.

കുവൈത്തിലെ ഖറാഫി കമ്പനിയിലെ തൊഴിൽ പ്രശ്നം: ഇന്ത്യൻ തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കും 

കുവൈത്തിൽ ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിൽ പ്രശ്നം മൂലം നാട്ടിലേക്ക് പോയ ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്ത് തൊഴിൽ മന്ത്രാലയം നഷ്ടപരിഹാരം നൽകുന്നു. മാൻ പവർ അതോറിറ്റിയിൽ പരാതി രജിസ്റ്റർ ചെയ്ത 710 തൊഴിലാളികൾക്കാണ് 250 ദിനാർ വീതം നൽകുക. നഷ്ടപരിഹാരത്തിന് അർഹരായ തൊഴിലാളികകളുടെ പേര് വിവരങ്ങൾ ഇന്ത്യൻ എംബസ്സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിൽ പ്രശ്‌നത്തെ തുടർന്ന് മാൻ പവർ അതോറിറ്റിയിൽ പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് താമസാനുമതി കാൻസൽ ചെയ്തു നാട്ടിലേക്ക് പോകുകയും ചെയ്ത തൊഴിലാളികൾക്കാണ് നഷ്ടപരിഹാരം അനുവദിക്കപ്പെട്ടത്. കറാഫി കമ്പനിയുടെ ഇഖാമയിലുള്ളവരും 2017 നവംബർ ഒന്നിനും 2018 ഏപ്രിൽ 22നും ഇടയിൽ നാട്ടിലേക്ക് പോയവരുമായ 710 പേരുടെ പട്ടിക ഇന്ത്യൻ എംബസ്സി വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ പേരുള്ള തൊഴിലാളികൾ പാസ്സ്‌പോർട്ട്, ബാങ്ക് പാസ്‍ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഒറിജിനൽ പവർ ഓഫ് അറ്റോർണിയും നാട്ടിലെ ഫോൺ നമ്പറും സഹിതം കുവൈത്തിലെ ഇന്ത്യൻ എംബസ്സിയുടെ വിലാസത്തിൽ കൊറിയർ അയക്കണമെന്നു അധികൃതർ നിർദേശിച്ചു.

പവർ ഫോറം ഓഫ് അറ്റോർണി, ഹോം ഡിപ്പാർട്ട്മെന്റ്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യയിലെ കുവൈത്ത് എംബസ്സി എന്നിവയുടെ അറ്റസ്റ്റേഷൻ നിർബന്ധമാണ്. ഇതിനുള്ള ഫോറം എംബസി വെബ്‍സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം. അതേസമയം തൊഴിൽ പ്രശ്നത്തെ തുടർന്ന് നഷ്ടപരിഹാരക്കേസ്‌ ഫയൽ ചെയ്യാതെ നാട്ടിലേക്ക് പോയ തൊഴിലാളികൾ പേര്, സിവിൽ ഐഡി നമ്പർ, ജോലി ചെയ്ത പ്രൊജക്റ്റിന്റെ നമ്പർ, നാട്ടിലേക്ക് തിരിച്ച തിയ്യതി എന്നീ വിവരങ്ങൾ labour@indembkwt.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കണമെന്നും ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പിൽ പറയുന്നു.