LiveTV

Live

Gulf

സൌദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അതിവേഗ കോടതികള്‍

സെപ്തംബര്‍ മുതലാണ് പുതിയ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുക.

സൌദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അതിവേഗ കോടതികള്‍

തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സൗദിയില്‍ പ്രത്യേക കോടതികള്‍ വരുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമസഹായവുമുണ്ടാകും. സെപ്തംബര്‍ മുതലാണ് പുതിയ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഗുണകരമാകും അതിവേഗ കോടതികള്‍.

തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലെ കാലതാമസവും നടപടിക്രമങ്ങളും പലപ്പോഴും നീണ്ടു പോകാറുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത്. സെപ്തംബര്‍ മാസം മുതല്‍ പുതിയ കോടതികളില്‍ വിചാരണയാരംഭിക്കും. ആദ്യഘട്ടത്തില്‍ ജിദ്ദ, മക്ക, മദീന, ബുറൈദ, അബഹാ, റിയാദ്, ദമാം എന്നിവിടങ്ങളിലായി ഏഴ് കോടതികൾ സ്ഥാപിക്കും. ഇതുകൂടാതെ വിവിധ പ്രവിശ്യകളിലെയും ഗവർണറേറ്റുകളിലെയും തര്‍ക്കപരിഹാരത്തിനായി 27 സർക്യൂട്ട് കോടതികളും. ഇതിന് പുറമെ ആറ് പുനരാലോചനാ കോടതികളുമുണ്ടാകും.

നീതിന്യായ മന്ത്രാലയമാണ് പുതിയ തീരുമാനം അറിയിച്ചത്. നിലവില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുന്നത് കമ്മീഷനുകളാണ്. ഇതില്‍ നിന്നു മാറി പുതിയ ലേബര്‍ കോടതികള്‍ ജുഡീഷ്യറിയുടെ ഭാഗമായിരിക്കും. നിലവിലെ നിയമമനുസരിച്ച് തൊഴിൽ കരാര്‍ ലംഘനങ്ങള്‍, വേതനത്തര്‍ക്കങ്ങള്‍, അവകാശ ലംഘനം, അപകട നഷ്ടപരിഹാരങ്ങള്‍ എന്നിവയെല്ലാം തൊഴിൽ കോടതികളില്‍ പരിഹരിക്കേണ്ടതാണ്.

പരാതിക്കാരന് നേരിട്ടോ വക്കീല്‍ മുഖാന്തിരമോ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാം. വക്കീല്‍ മുഖാന്തരം കേസ് നല്‍കാന്‍ പ്രയാസമുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രതിഫലം നല്‍കി നിയമ സഹായം നല്‍കും. ഇതേകുറിച്ച് നീതിന്യായ മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നും നിയമവിദഗ്ധര്‍ വിശദീകരിച്ചു. പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസകരമാണ് രാജ്യത്തിന്‍റെ പുതിയ ചുവടുവെപ്പ്.