LiveTV

Live

Gulf

രണ്ടാം തവണയും ആഭ്യന്തര ഹജ്ജ്; രണ്ട് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കും

സൌദിയില്‍ ജീവിക്കുന്നവര്‍ ഒരു തവണ ഹജ്ജ് നിർവഹിച്ച് വീണ്ടും ഹജ്ജ് നിർവ്വഹിക്കുന്നതിന് അഞ്ചു വർഷം പിന്നിടണമെന്നാണ് വ്യവസ്ഥ

രണ്ടാം തവണയും ആഭ്യന്തര ഹജ്ജ്; രണ്ട് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കും

സൗദി അറേബ്യക്കകത്തു നിന്നും രണ്ടാം തവണയും ഹജ്ജ് നിർവഹിക്കാന്‍ അഞ്ചു വർഷം പിന്നിടണമെന്ന വ്യവസ്ഥയില്‍ രണ്ട് വിഭാഗക്കാർക്ക് ഇളവ്. വനിതകളെ മഹ്റം ആയി അനുഗമിക്കുന്നവർക്കും മരിച്ചവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യുന്നവർക്കുമാണ് ഇളവുണ്ടാവുക. ഇതിന്റെ ഗുണം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭിക്കും.

സൌദിയില്‍ ജീവിക്കുന്നവര്‍ ഒരു തവണ ഹജ്ജ് നിർവ്വഹിച്ച് വീണ്ടും ഹജ്ജ് നിർവ്വഹിക്കുന്നതിന് അഞ്ചു വർഷം പിന്നിടണമെന്നാണ് വ്യവസ്ഥ. ഇതിലാണ് രണ്ടു വിഭാഗക്കാർക്ക് ഇളവ് അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയത്. ഹജ്ജ് നിർവ്വഹിക്കുന്ന വനിതകളെ മഹ്‌റം ആയി അനുഗമിക്കുന്നവർക്കാണ് ഇളവ്. രണ്ടാമത്തേത് മരണപ്പെട്ട തൊട്ടടുത്ത ബന്ധുവിനു വേണ്ടി ഹജ്ജ് നിർവ്വഹിക്കുന്നവര്‍ക്കും. ഈ ആനുകൂല്യം സൗദികൾക്കും വിദേശികൾക്കും ലഭിക്കും.

ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷനുള്ള ഇ-ട്രാക്കിൽ പ്രവേശിച്ച് വിവരങ്ങൾ ചേര്‍ക്കണം. അപ്പോള്‍ അഞ്ചു വർഷത്തിനിടെ ഹജ്ജ് നിർവഹിച്ചവരാണെങ്കിൽ അപേക്ഷ നിരസിക്കും. ഇതിനു പിന്നാലെ പ്രത്യേക ഇളവ് പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യം പ്രതിക്ഷപ്പെടും. ഇതിന് അതെയെന്ന് ഉത്തരം നൽകി രജിസ്ട്രേഷന്‍ പൂർത്തിയാക്കുകയാണ് വേണ്ടത്. പ്രത്യേക ഇളവ് പ്രയോജനപ്പെടുത്തി ഹജ്ജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന വിദേശികൾ ജവാസാത്ത് ഡയറക്ടറേറ്റിനെയും സൗദികൾ സിവിൽ അഫയേഴ്‌സ് വിഭാഗത്തെയും നേരിട്ട് സമീപിച്ച് ഹജിനുള്ള ഔദ്യോഗിക അനുമതി നേടുകയും വേണം.