LiveTV

Live

Gulf

സൗദി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയ സംഘം കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി സന്ദര്‍ശിച്ചു

എക്കണോമിക് സിറ്റിയിലെ തൊഴിലവസരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യലായിരുന്നു ലക്ഷ്യം

സൗദി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയ സംഘം കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി സന്ദര്‍ശിച്ചു

സൗദിയിലെ തൊഴില്‍-സാമൂഹിക വികസന മന്ത്രാലയ സംഘം കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി സന്ദര്‍ശിച്ചു. എക്കണോമിക് സിറ്റിയിലെ തൊഴിലവസരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യലായിരുന്നു ലക്ഷ്യം. സൗദി യുവജനങ്ങള്‍ക്ക് പ്രയോജനപ്രദമാകും വിധം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ചർച്ചയില്‍ ധാരണയായി.

മക്ക മേഖല തൊഴില്‍-സാമൂഹിക വികനസ മന്ത്രാലയ അസിസ്റ്റന്‍ന്‍റ് ഡയറക്ടര്‍ ജനറല്‍, മുഹമ്മദ് ബിന്‍ ഇബ്രാഹീം അല്‍-ഗാംദി നേതൃത്വം നൽകിയ പ്രതിനിധി സംഘമാണ് കിംഗ് അബ്ദുല്ല എക് ണോമിക് സിറ്റി സന്ദര്‍ശിച്ചത്. എക്കണോമിക് സിറ്റിയിലെ തൊഴിലവസരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അവ സൗദി യുവജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുമായിരുന്നു പ്രധാന ചര്‍ച്ച. കിംഗ് അബ്ദുല്ല പോര്‍ട്ടും ഇന്‍ഡസ്ട്രിയല്‍ വാലിയും സംഘം സന്ദര്‍ശിച്ചു. വിവിധ മേഖലകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞു കൊണ്ട് എക്കണോമിക് സിറ്റി അതോറിറ്റി, വൈസ് സെക്രട്രറി ജനറല്‍, ഇമാദ് ഹാഷിം സന്ദര്‍ശനത്തെ പ്രശംസിച്ചു. എക്കണോമിക് സിറ്റികള്‍ മന്ത്രാലയവുമായി സഹകരിച്ചു നീങ്ങും. ഇതുവഴി വിവിധ മേഖലകളിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നിക്ഷേപകരെ പ്രാപ്തരാക്കും.

ഇതിലൂടെ സൗദി യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സന്ദര്‍ശനത്തിന് ശേഷം ഇരു ഭാഗങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു രണ്ടായിരത്തി പത്തോടെ ലോകത്തിലെ മികച്ച പത്ത് നിക്ഷേപ കേന്ദ്രങ്ങളിൽ ഇടംപിടിക്കുന്നതിനായി 2005ല്‍ സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസാണ് കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി എന്ന മെഗാ പദ്ധതി പ്രഖ്യാപിച്ചത്. 207 ബില്ല്യണ്‍ റിയാല്‍ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന സിറ്റി ജിദ്ദയിൽ നിന്ന് 100 കിലോമീറ്റർ വടക്കാണ്. ചെങ്കടൽ തീരത്ത് 173 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഇതിന്റെ പ്രവര്‍ത്തനം.