LiveTV

Live

Gulf

കുവൈത്തിൽ അനധികൃത താമസക്കാരെ പിടികൂടാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു

നിശ്ചിത സമയത്തനുള്ളിൽ രാജ്യത്തെ മുഴുവൻ അനധികൃത താമസക്കാരെയും പിടികൂടുക എന്നതാണ് അധികൃതരുടെ ലക്ഷ്യം

കുവൈത്തിൽ അനധികൃത താമസക്കാരെ പിടികൂടാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു

കുവൈത്തിൽ താമസ നിയമം ലംഘിച്ചു കഴിയുന്നവരെ പിടികൂടാൻ ആഭ്യന്തരമന്ത്രാലയം പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു . നിശ്ചിത സമയത്തനുള്ളിൽ രാജ്യത്തെ മുഴുവൻ അനധികൃത താമസക്കാരെയും പിടികൂടുക എന്നതാണ് അധികൃതരുടെ ലക്ഷ്യം . ഇതിന്റെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെ രാജ്യമൊട്ടുക്കും കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നാണ് സൂചന.

ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഇസാം അൽ നഹാമിന്റെ നേതൃത്വത്തിലാണ് അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നത് . പൊതു മാപ്പ് പൂർത്തിയായ ശേഷവും ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാർ അവശേഷിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത് .താമസരേഖകൾ ഇല്ലാതെ വിദേശികൾ രാജ്യത്തു തുടരുന്ന പ്രതിഭാസത്തിനു എന്ത് വിലകൊടുത്തും അറുതിയുണ്ടാക്കണമെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം . ഇതുമായി ബന്ധപ്പെട്ട ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥ തല മീറ്റിങ് വിളിക്കുമെന്നാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. നിശ്ചിത കാലപരിധി പ്രഖ്യാപിച്ചു അതിനുള്ളിൽ മുഴുവൻ ഇഖാമ നിയമ ലംഘകരെയും പുറന്തള്ളുക എന്ന നിലപാടാകും മന്ത്രാലയം കൈക്കൊള്ളുക .

സ്വകാര്യ പാർപ്പിട മേഖലയിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും സമാന്തരമായി ഉണ്ടാകും . നിയമലംഘകരെ പിടിക്കപ്പെട്ടാൽ സ്‌പോൺസറെ വിളിപ്പിക്കുകയും ടിക്കറ്റ് ചർ ഈടാക്കുകയും ചെയ്യും . ഇതിനു വിസമ്മതിക്കുന്നവരുടെ ഫയലുകൾ താമസ കാര്യ വകുപ്പ് മരവിപ്പിക്കും . എല്ലാ സേനാ വിഭാഗങ്ങൾക്കും പ്രത്യേകം ടാർഗറ്റ് നിശ്ചയിച്ചു കൊണ്ട് രാജ്യത്തിന്റ മുക്കു മൂലകൾ അരിച്ചു പെറുക്കിയുള്ള പരിശോധന ക്യാമ്പയിനാണ് പരിഗണയിലുള്ളത് . നിയമ നടപടികൾ ഒഴിവാക്കുന്നതിനായി താമസ നിയമം ലംഘിക്കുന്നവർക്ക് അഭയം നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നു സ്വദേശികളോടും വിദേശികളോടും അധികൃതർ നിർദേശിച്ചു.