LiveTV

Live

Gulf

എണ്ണകയറ്റുമതി കുറച്ചിട്ടും സൌദിയുടെ വരുമാനത്തില്‍ വര്‍ധന

ജനുവരി മുതല്‍ ഏപ്രില്‍ വരെ മാസങ്ങളില്‍ ആകെ സൌദിയില്‍ നിന്നും നടന്നത് 256.5 ബില്യണ്‍ റിയാലിന്റെ എണ്ണ കയറ്റുമതി

എണ്ണകയറ്റുമതി കുറച്ചിട്ടും സൌദിയുടെ വരുമാനത്തില്‍ വര്‍ധന

എണ്ണകയറ്റുമതി കുറച്ചിട്ടും സൌദിയുടെ വരുമാനത്തില്‍ ഇരുപത് ശതമാനം വര്‍ധന. ഈ വര്‍ഷം ആദ്യത്തെ നാലു മാസത്തിനിടെയാണ് ഈ വളര്‍ച്ച. ഈ വര്‍ഷമുണ്ടായ വിലയേറ്റമാണ് സൌദിക്ക് നേട്ടമുണ്ടാക്കിയത്. ഇറാനെതിരായ അമേരിക്കന്‍ നീക്കവും സൌദിക്ക് ഈ വര്‍ഷം ഗുണകരമാകും.

ജനുവരി മുതല്‍ ഏപ്രില്‍ വരെ മാസങ്ങളില്‍ ആകെ സൌദിയില്‍ നിന്നും നടന്നത് 256.5 ബില്യണ്‍ റിയാലിന്റെ എണ്ണ കയറ്റുമതി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 42.9 ബില്യണ്‍ ഡോളറിന്റെ അധികവരുമാനമുണ്ട് ഇത്തവണ. എണ്ണകയറ്റുമതി കുറച്ചിട്ടും വരുമാനം കൂടി സൌദിക്ക്. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതും ഒപെകിന്റെ ഉത്പാദന നിയന്ത്രണ തീരുമാനവുമാണ് സൌദിക്ക് നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഒപെക്കും സംഘടനക്ക് പുറത്തുള്ള രാജ്യങ്ങളും പ്രതിദിന ഉല്‍പാദനത്തില്‍ 18 ലക്ഷം ബാരലിന്റെ കുറവ് വരുത്തിയിട്ടുണ്ട്. ഉല്‍പാദനം കുറക്കുന്നതിനുണ്ടാക്കിയ ധാരണ ഡിസംബര്‍ ഒടുവില്‍ അവസാനിക്കും. ഇറാനെതിരെ ഉപരോധത്തിലുള്ള അമേരിക്ക ഉപഭോക്തൃ രാജ്യങ്ങളോണ് ഇറാന്റെ എണ്ണ സ്വീകരിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നീക്കം ഗുണമാവുക സൌദിക്കാണ്. ഇതോടെ എണ്ണ വിതരണം കൂട്ടാനൊരുങ്ങുകയാണ് സൌദി. ഇക്കാര്യം അമേരിക്കയും സൌദിയോടാവശ്യപ്പെട്ടിട്ടുണ്ട്.