LiveTV

Live

Gulf

കാലിക്കറ്റ് യൂനി. ഉത്തരവ് നടപ്പാകുന്നില്ല; ഗള്‍ഫിലെ അധ്യാപകരുടെ ജോലി അവതാളത്തില്‍

ഉത്തരവില്‍ പറയുന്ന പ്രകാരമുള്ള സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി നല്‍കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തയാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം

കാലിക്കറ്റ് യൂനി. ഉത്തരവ് നടപ്പാകുന്നില്ല; ഗള്‍ഫിലെ അധ്യാപകരുടെ ജോലി അവതാളത്തില്‍

പാരലല്‍ കോളജില്‍ പഠിച്ച് ബിരുദം നേടിയവര്‍ക്ക് റെഗുലര്‍ പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി എടുത്ത തീരുമാനം നടപ്പാകുന്നില്ല. ഇതോടെ ഗള്‍ഫിലെ നൂറ് കണക്കിന് അധ്യാപരുടെ ജോലി അവതാളത്തിലായി. ഉത്തരവില്‍ പറയുന്ന പ്രകാരമുള്ള സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി നല്‍കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തയാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

പാരല്‍ കോളജ്, അറബിക് കോളജ് എന്നിവിടങ്ങളി‍ല്‍ പഠിച്ച് ബിരുദം നേടിയവര്‍ക്കും അവരുടെ പഠനരീതി റെഗുലര്‍ ആണെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഉത്തരവാണിത്. തുല്യതാ സര്‍ട്ടിഫിക്കറ്റില്‍ പഠനരീതി പ്രൈവറ്റ് എന്ന രേഖപ്പെടുത്തിയതിന്റെ പേരില്‍ ജോലി തുലാസിലായ ഗള്‍ഫിലെ അധ്യാപകരെ സഹായിക്കാനായിരുന്നു ഈ നടപടി. എന്നാല്‍, ഫലത്തില്‍ ഈ ഉത്തരവ് നടപ്പാകുന്നില്ല. സര്‍ട്ടിഫിക്കറ്റിനായി ജോലി ചെയ്യുന്ന രാജ്യത്തെ എംബസിയോ കോണ്‍സുലേറ്റോ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം വേണമെന്ന നിബന്ധനയാണ് തിരിച്ചടിയാകുന്നത്.

പഠനംസംബന്ധിച്ച സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടത് സര്‍വകലാശാലയാണെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ നിലപാട്. തുല്യതാ സര്‍ട്ടിഫിക്കറ്റില്‍ പ്രൈവറ്റ് എന്ന രേഖപ്പെടുത്തിയതിന്റെ പേരില്‍ നാനൂറിലേറെ അധ്യാപകര്‍ക്കാണ് യു എ ഇയില്‍ പുറത്താക്കള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

യൂനിവേഴ്സിറ്റിയും എംബസിയും സാങ്കേതിക പിടിവാശി തുടര്‍ന്നാണ് നാനൂറിലധികം അധ്യാപകര്‍ സെപ്തംബറോടെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തും.