LiveTV

Live

Gulf

റിയാദിലേക്ക് ഹൂതികളുടെ ഇരട്ട മിസൈല്‍; മിസൈലുകള്‍ വ്യോമസേന തകര്‍ത്തു

ഹുദൈദ തുറമുഖം ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള സമിതിക്ക് വിട്ടു നല്‍കാന്‍ ഹൂതികള്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍.

റിയാദിലേക്ക് ഹൂതികളുടെ ഇരട്ട മിസൈല്‍; മിസൈലുകള്‍ വ്യോമസേന തകര്‍ത്തു

സൌദി തലസ്ഥാനമായ റിയാദ് ലക്ഷ്യം വെച്ചെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമസേന തകര്‍ത്തു. മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. അതിനിടെ യമനിലെ ഏറ്റുമുട്ടല്‍ നിര്‍ണായക ദിശയിലെത്തി. ഹുദൈദ തുറമുഖം ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള സമിതിക്ക് വിട്ടു നല്‍കാന്‍ ഹൂതികള്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് മിസൈലുകളാണ് ഇന്നലെ രാത്രി എട്ടരക്ക് ശേഷം സൌദി തലസ്ഥാനം ലക്ഷ്യമാക്കിയെത്തിയത്. റിയാദിലെ സൈനിക കേന്ദ്രമാണ് ലക്ഷ്യം വെച്ചതെന്ന് ഹൂതികളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈലുകളില്‍ ഒന്ന് സുലൈ ഭാഗത്തും രണ്ടാമത്തേത് വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബത്ഹക്കും മലാസിനും ഇടയിലെ ആകാശത്ത് വെച്ച് തകര്‍ത്തു. മിസൈലുകള്‍ തകര്‍ത്തതായി സൌദി വ്യേമ സേന അറിയിച്ചു. റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈലുകള്‍ തകര്‍ക്കുന്നതിനിടെ പ്രകമ്പനമുണ്ടായി.

ഇതിനിടെ യമനില്‍ ഹൂതികള്‍ ഐക്യരാഷ്ട്രസഭയുമായി ധാരണക്ക് സന്നദ്ധമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുഎന്‍ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതിക്ക് ഹുദൈദ തുറമുഖം വിട്ടു നല്‍കാനാണ് നീക്കമെന്നാണ് സൂചന. ഇതുണ്ടായാല്‍ യമന്‍ ഭരണകൂടത്തിന്റേയും സഖ്യസേനയുടേയും നിര്‍ണായക വിജയമാകും ഇത്. ഹുദൈദ വിട്ടു നല്‍കിയാല്‍ സന്‍ആ മാത്രമാകും ഹൂതികളുടെ കയ്യിലുള്ള മേഖല. ഹുദൈദ മോചിപ്പിച്ചാല്‍ സന്‍ആ മോചനവും സഖ്യസേനക്ക് എളുപ്പമാകും.