LiveTV

Live

Gulf

വിമാനത്തിനോട് കിടപിടിക്കുന്ന വേഗതയുമായി ഹൈപ്പര്‍ ലൂപ്പ്

സിലിണ്ടറിനുള്ളിൽ സീറ്റുകളിൽ ഇരുന്ന്​​ ദീർഘ നിശ്വാസം വിടുമ്പോഴേക്കും ഇറങ്ങാനുള്ള സ്ഥലമായിട്ടുണ്ടാകും എന്നതാണ്​ ഹൈപ്പർലൂപ്പിന്റെ പ്രത്യേകത

 വിമാനത്തിനോട് കിടപിടിക്കുന്ന വേഗതയുമായി ഹൈപ്പര്‍ ലൂപ്പ്

വേഗതയെ വെല്ലുന്ന യാത്രാ സൗകര്യം യു.എ.ഇ മാറ്റിമറിക്കുമെന്ന്​ വിദഗ്ദ്ധർ. നാളെയുടെ യാത്രാ മാർഗമായ ഹൈപ്പർ ലൂപ്പിന്റെ ​കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. സിലിണ്ടറിനുള്ളിൽ സീറ്റുകളിൽ ഇരുന്ന്​​ ദീർഘ നിശ്വാസം വിടുമ്പോഴേക്കും ഇറങ്ങാനുള്ള സ്ഥലമായിട്ടുണ്ടാകും എന്നതാണ്​ ഹൈപ്പർലൂപ്പിന്റെ പ്രത്യേകത.

ദുബൈ മീഡിയ ഓഫീസ്​ പുറത്തുവിട്ട ഹൈപ്പർലൂപ്പ്​ പ്രോട്ടോടൈപ്​ വീഡിയോയിലാണ്​ ലോകം കാത്തുകാത്തിരിക്കുന്ന ഹൈപ്പർ ലൂപ്പിന്റെ കിടിലൻ ദൃശ്യങ്ങളുള്ളത്​. ദുബൈയിൽ നിന്ന്​ അബൂദബിയിലേക്കാണ്​ കുഴൽ ഇട്ടിരിക്കുന്നത്​. അതിവേഗ ഹൈവേയിലൂടെ അതിവേഗ കാറിൽ പോയാലും ഒന്നര മണിക്കൂർ എടുക്കും ദുബൈയിൽ നിന്ന്​ അബൂദബിയിലെത്താൻ. എന്നാൽ ഹൈപ്പർലൂപ്പ്​ 12 മിനിറ്റുകൊണ്ട്​ ഈ ദൂരം താണ്ടും. പൂർണ്ണതോതിൽ സജ്ജമായിക്കഴിഞ്ഞാൽ മണിക്കൂറിൽ 1200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ഹൈപ്പർ ലൂപ്പിനാകും. ഏതാണ്ട്​ വിമാനത്തിന്റെ വേഗം. തീവണ്ടിയിലെന്ന പോലെയിരുന്ന്​ വിമാനം പോലെ കുതിക്കാൻ പറ്റുന്നതാണ്​ ഈ ന്യൂജെൻ വണ്ടി. പുറത്തുവന്ന വീഡിയോയിൽ ഹൈപ്പർ ലൂപ്പിന്​ മുന്നിൽ ആർ.ടി.എയുടെ ലോഗോ കാണാം. വിശാലമാണ്​ ഇതിന്റെ ഉൾഭാഗം. കാലുകൾ അനായാസം വെച്ച്​ ഇരിക്കാവുന്നത്ര ഇട സീറ്റുകൾക്കിടയിലുണ്ട്​. ടച്ച്​സ്ക്രീൻ അടക്കമുള്ള സൗകര്യങ്ങൾ വേറെയുമുണ്ട്​. ഹൈപ്പർ ലൂപ്പിന്റെ മാതൃക സിറ്റിവാക്കിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. കാര്യങ്ങൾ ഇത്രയൊക്കെയായെങ്കിലും ഇനിയും ഏറെ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം മാത്രമായിരിക്കും ഹൈപ്പർലൂപ്പ്​ പൊതുജന സേവനത്തിന്​ എത്തുക.