LiveTV

Live

Gulf

ഹജ്ജ് തീര്‍ഥാടകരുടെ സൌദി പ്രവേശനം; നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നു

ഹജ്ജ് തീര്‍ഥാടകരുടെ സൌദി പ്രവേശനം; നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നു
Summary
ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹ്‌യയാണ് പുതിയ തീരുമാനം അറിയിച്ചത്

ഹജ്ജ് നടപടി ക്രമങ്ങള്‍ തീര്‍ഥാടകുടെ നാട്ടില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കി സൗദിയിലേക്കുള്ള പ്രവേശനം ലഘൂകരിക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നു. കൂടുതല്‍ തീര്‍ഥാടകരെത്തുന്ന 27 രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയിച്ചതോടെയാണ് തീരുമാനം.

ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹ്‌യയാണ് പുതിയ തീരുമാനം അറിയിച്ചത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഹജ്, ഉംറ ടെർമിനലിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി ക്രമങ്ങള്‍ തീര്‍ഥാടകുടെ നാട്ടില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കി ഹജ്ജ് തീർഥാടകര്‍ക്ക് സൗദിയിലേക്കുള്ള പ്രവേശനം ലഘൂകരിക്കലാണ് പദ്ധതി. ഇതു വഴി വിമാനത്താവളങ്ങലിലെ കാല കാമസവും തിരക്കും കുത്തനെ കുറയും. മലേഷ്യയിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് കഴിഞ്ഞ വർഷം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഇത് വൻ വിജയമായി. ഈ സാഹചര്യത്തിലാണ് പദ്ധതി വ്യാപനം. ജവാസാത്ത് അഥവാ സൌദി പാസ്പോര്‍ട്ട് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിരലടയാള രജിസ്റ്റട്രേഷന്‍, ആരോഗ്യ നടപടിക്രമങ്ങൾ, താമസസ്ഥലം നിർണയിക്കൽ, സേവന ഗ്രൂപ്പുകളെ നിര്‍ണയിച്ചു നല്‍കല്‍ എന്നിവയാണ് സ്വന്തം രാജ്യത്ത് പൂര്‍ത്തിയാക്കുക. ഇതോടെ ജിദ്ദ, മദീന എയർപോർട്ടുകളിൽ ഇറങ്ങുന്ന തീർഥാടകർക്ക് ജവാസാത്ത് കൗണ്ടറുകളെ സമീപിക്കാതെ നേരെ ബസുകളിൽ കയറി തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് പോകാം. പദ്ധതി വ്യാപിപ്പിക്കാനുള്ള നിര്‍ദേശം ജവാസാത്ത ഡയറക്ടറേറ്റ് നല്‍കിയിട്ടുണ്ട്.ഏറ്റവും കൂടുതൽ ഹജ് തീർഥാടകർ എത്തുന്ന 27 രാജ്യങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിനാണ് നീക്കം.