LiveTV

Live

Gulf

വ്യാപാരികള്‍ക്ക് ആശ്വാസം: ലൈസൻസ്​ പുതുക്കാത്തതിന് ഏർപ്പെടുത്തിയ ഫൈനുകൾ ദുബൈ റദ്ദാക്കി

വ്യാപാരികള്‍ക്ക് ആശ്വാസം: ലൈസൻസ്​ പുതുക്കാത്തതിന് ഏർപ്പെടുത്തിയ ഫൈനുകൾ ദുബൈ റദ്ദാക്കി
Summary
24 മാസത്തിലേറെയായി ലൈസൻസ്​ കാലഹരണപ്പെടുകയും പുതുക്കാനോ, പിൻവലിക്കാനോ, ലിക്യുഡേഷനോ അപേക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പിഴകൾ റദ്ദാക്കാൻ അബൂദബിയും തീരുമാനിച്ചിട്ടുണ്ട്

വ്യവസായ സമൂഹത്തിന്​ ആശ്വാസവും ആത്മവിശ്വാസവും പകർന്ന്​ പിഴകളിൽ ഇളവു നൽകി യു.എ.ഇ. ലൈസൻസ്​ പുതുക്കാത്തതിന്റെ പേരിൽ ദുബൈ ഇക്കണോമിക്​ ഡിപ്പാർട്ട്മെൻറ്​ ചുമത്തിയ പിഴകളെല്ലാം 2018 അവസാനം വരെ റദ്ദാക്കി. സമാന സ്വഭാവത്തിലുള്ള നടപടി അബൂദബിയും പ്രഖ്യാപിച്ചു.

യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​മുഹമ്മദ്​ ബിൻ റാശിദ്​അൽ മക്തും പ്രഖ്യാപിച്ച നിയമ പ്രകാരം ലൈസൻസ്​ പുതുക്കിയില്ലെന്ന കാരണത്താൽ ദുബൈ സാമ്പത്തിക വകുപ്പ്​ ഏർപ്പെടുത്തിയ ഫൈനുകൾ റദ്ദാക്കി. ഇത്​ നിരവധി വ്യാപാരികൾക്ക്​ ആശ്വാസകരമാവും. ഏവരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ഏറ്റവും സുഗമമായി വ്യവസായം നടത്താൻ കഴിയുന്ന ഇടം എന്ന ഖ്യാതി ഊട്ടി ഉറപ്പിക്കുന്ന നടപടിയായി ഈ തീരുമാനം മാറുമെന്നും ദുബൈ ഇക്കണോമി ഡയറക്ടർ ജനറൽ സാമി അൽ ഖംസി വ്യക്തമാക്കി.
സാമ്പത്തിക വ്യവസായ വളർച്ചക്ക്​ ശക്തി പകരുന്ന തീരുമാനമാണിതെന്ന്​ ഡി.ഇ.ഡി ലൈസൻസിങ്​ വിഭാഗം സി.ഇ.ഒ ഉമർ ബുഷഹാബ്​ പറഞ്ഞു.

24 മാസത്തിലേറെയായി ലൈസൻസ്​ കാലഹരണപ്പെടുകയും പുതുക്കാനോ, പിൻവലിക്കാനോ, ലിക്യുഡേഷനോ അപേക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പിഴകൾ റദ്ദാക്കാൻ അബൂദബിയും തീരുമാനിച്ചിട്ടുണ്ട്​. അബൂദബിയിലെ വ്യവസായ അന്തരീക്ഷം കൂടുതൽ പ്രോത്സാഹനകരമാവാൻ ഇതു സഹായിക്കുമെന്ന്​ അബൂദബി ഡി.ഇ.ഡി ആക്​ടിങ്​ അണ്ടർ ​സെക്രട്ടറി ഖലീഫ ബിൻ സാലിം അൽ മൻസൂരി പറഞ്ഞു. അജ്​മാൻ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളും നേരത്തേ ലൈസൻസ്​ ഫീസ്​ കുടിശിഖ ഇളവ്​ പ്രഖ്യാപിച്ചിരുന്നു.