LiveTV

Live

Gulf

സലാലയില്‍ വീശിയടിച്ച മെക്കനു കാറ്റില്‍ മരണം രണ്ടായി

സലാലയില്‍ വീശിയടിച്ച മെക്കനു കാറ്റില്‍ മരണം രണ്ടായി
Summary
ഔഖദിൽ വാഹനം ഒഴുക്കിൽ പെട്ട്​ ഒമാന്‍ സ്വദേശി മരിച്ചതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. മതിലിടിഞ്ഞ്​ വീണ്​ നേരത്തെ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു

സലാലയില്‍ വീശിയടിച്ച മെക്കനു കാറ്റില്‍ മരണം രണ്ടായി. ഔഖദിൽ വാഹനം ഒഴുക്കിൽ പെട്ട്​ ഒമാന്‍ സ്വദേശി മരിച്ചതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. മതിലിടിഞ്ഞ്​ വീണ്​ നേരത്തെ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. വിവിധ അപകടങ്ങളിൽ നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. കൂടുതൽ പേരെ കാണാതായെന്ന് അഭ്യൂഹമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

അറബിക്കടലിൽ രൂപം കൊണ്ട മെക്കനു ചുഴലിക്കാറ്റ്​ ഒമാനിലെ തെക്കൻ മേഖലയായ ദോഫാർ, അൽ വുസ്​ത ഗവർണറേറ്റുകളിൽ വീശിയടിച്ചു. വിവിധയിടങ്ങളിലായി വെള്ളക്കെട്ടിലും മലവെള്ളപ്പാച്ചിലിലും കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ്​ അറിയിച്ചു. സലാലയില്‍ കെട്ടിടം തകര്‍ന്ന് 12 പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകളും അധികൃതര്‍ നിഷേധിച്ചു.

വെള്ളിയാഴ്​ച അർധരാത്രി 12 മണിക്ക്​ ശേഷമാണ്​ കാറ്റ്​ സലാല തീരത്തെത്തിയത്​. ദോഫാർ ഗവർണറേറ്റിലെ റായ്​സൂത്ത്​, റഖിയൂത്ത്​ മേഖലയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നു. ദോഫാർ ഗവർണറേറ്റി​ന്‍റെ വടക്കുഭാഗത്തേക്ക്​ നീങ്ങുന്ന കാറ്റ് ശക്തികുറഞ്ഞ് ന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം അറിയിച്ചു.

യെമന്‍ അധീനതയിലുള്ള സൊകോത്ര ദ്വീപില്‍ കപ്പല്‍ മുങ്ങി 17 പേരെ കാണാതായി. ഇവരില്‍ ആരെയും തിരിച്ചു കിട്ടിയില്ലെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു. കാറ്റെത്തിയതോടെ വെള്ളപ്പൊക്കത്തില്‍ ദ്വീപ് അക്ഷരാര്‍ഥത്തില്‍ തകര്‍ന്നു. 23 പേരെ കാണാതായി. ഒരിന്ത്യക്കാരനും സുഡാന്‍ പൌരനും ഇതിലുണ്ട്. 230 കുടുംബങ്ങളെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. യെമന്‍ യുദ്ധം നേരിട്ട് ബാധിക്കാത്ത ദ്വീപ് സമൂഹമാണ് സൊകോത്രയിലേത്. ഇവിടെ യുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച സൌദി, യുഎഇ സൈന്യമെത്തിയിരുന്നു. സൈനിക ക്യാമ്പില്‍ നാശനഷ്ടങ്ങളൊന്നുമില്ല.