LiveTV

Live

Gulf

സാഹിത്യ വായനയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതിക്ക്​ ഷാർജയിൽ തുടക്കം

സാഹിത്യ വായനയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതിക്ക്​ ഷാർജയിൽ തുടക്കം
Summary
പെട്ടികളിൽ ഒരു പുസ്​തകം നിക്ഷേപിച്ച്​ ഒരു പുസ്​തകം എടുത്തുകൊണ്ടുപോകാം

യു.എ.ഇ സമൂഹത്തിൽ വിജ്ഞാനം, വിനോദം, സാംസ്​കാരികാനുഭവം എന്നിവയുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതിക്ക്​ ഷാർജയിൽ തുടക്കം. അതിരുകളില്ലാത്ത സാഹിത്യ വായനയെ ഉത്തേജിപ്പിക്കുന്നതിനും വേണ്ടി 'പുസ്​തകം നൽകി, പുസ്​തകം എടുക്കൂ' എന്ന ശീർഷകത്തിലാണ്​​ പദ്ധതി. നോളജ്​ വിതൗട്ട്​ ബോർഡേഴ്​സ്​ ആണ്​ വേറിട്ട സംരംഭത്തിനു പിന്നിൽ. ഇതിനായി ഷാർജയിലെ വിവിധ​ സ്​ഥലങ്ങളിൽ പെട്ടികൾ സ്​ഥാപിച്ചു.

അൽ സുവൈഹീൻ, അൽ റഹ്​മാനിയ, അൽ ഖറാഇൻ വാക്​ വേ, ഗ്രീൻ ബെൽറ്റ്​ പാർക്കിന്​ സമീപം എന്നിവിടങ്ങളിലാണ്​ പെട്ടികൾ സ്​ഥാപിച്ചത്​. പെട്ടികളിൽ ഒരു പുസ്​തകം നിക്ഷേപിച്ച്​ ഒരു പുസ്​തകം എടുത്തുകൊണ്ടുപോകാം. ബാലസാഹിത്യം, ശാസ്​ത്രം, നോവൽ, സാംസ്​കാരികം, ലേഖനം, ചരിത്രം, വാസ്​തുശിൽപം, പാചകം, കവിത, വിദ്യാഭ്യാസം തുടങ്ങി വൈവിധ്യപൂർണമായ പുസ്​തകങ്ങൾ പെട്ടിയിൽ ലഭ്യമാണ്​. ഇടവേളകളിൽ പുസ്​തകങ്ങൾ മാറ്റുന്നത്​ വായനക്കാർക്ക്​ വ്യത്യസ്​ത പുസ്​തകങ്ങൾ പരിചയപ്പെടുന്നതിന്​ ഉപകരിക്കും.

പുതിയ പുസ്​തകങ്ങൾ തെരഞ്ഞെടുത്ത്​ ഹോം ലൈബ്രറിയിലെ പുസ്​തക പട്ടിക പരിഷ്​കരിക്കാം. ഷാർജ എമിറേറ്റിലെ കൂടുതൽ ഭാഗങ്ങളിലേക്ക്​ പദ്ധതി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.