LiveTV

Live

Gulf

ജോലിസമയത്ത് പൊലീസുകാര്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് കുവൈത്ത്

ജോലിസമയത്ത് പൊലീസുകാര്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് കുവൈത്ത്
Summary
സുരക്ഷാ ഉദ്യോഗസ്ഥര്‍ ജോലിയില്‍ ശ്രദ്ധിക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ മുഴുകുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് മന്ത്രാലയം പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. 

കുവൈത്തില്‍ പോലീസുകാര്‍ ഡ്യൂട്ടിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്ക്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നിര്‍ദേശമുള്ളത്. പോലീസിന്റെ പട്രോള്‍ വാഹങ്ങള്‍ നടവഴിയില്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്

ജോലി സമയത്ത് പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും ആണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ജോലിയില്‍ ശ്രദ്ധിക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ മുഴുകുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് മന്ത്രാലയം പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്.

അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ഒപ്പുവെച്ച ഉത്തരവില്‍ ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകരുതെന്നും വ്യക്തമായി പറയുന്നുണ്ട്. മൊബൈല്‍ ഇയര്‍ഫോണ്‍ ധരിച്ചു ഡ്യൂട്ടിക്ക് ഹാജരാകുന്നതിനും വിലക്കുണ്ട്. പട്രോള്‍ വാഹനത്തില്‍ ഗതാഗത നിരീക്ഷണത്തിന് ചുമതലപ്പെട്ടവര്‍ ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തരുത്.

പ്രത്യേകിച്ച് ജോലിയൊന്നുമില്ലെങ്കില്‍ പട്രോള്‍ വാഹനത്തിനകത്ത് തന്നെ ഇരിക്കണം. പട്രോള്‍ കാര്‍ കാല്‍നടയാത്രക്കാര്‍ക്കായുള്ള നടപ്പാതയില്‍ പാര്‍ക്ക് ചെയ്യരുത്. പൊലീസുകാര്‍ തങ്ങള്‍ക്കു അനുവദിച്ച ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും ഡ്യൂട്ടിക്കിടയില്‍ സദാസമയവും കൈവശം വെക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു.