LiveTV

Live

Gulf

സൗദിയിലെ ആദ്യ വനിതാ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായി ഇനാം ഗാസി

സൗദിയിലെ ആദ്യ വനിതാ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായി ഇനാം ഗാസി
Summary
ഓണ്‍ലൈന്‍ ടാക്‌സിയായ കരീം വനിത ടാക്‌സി സര്‍വീസ് വിഭാഗത്തിലാണ് ഇനാം ഗാസി നിയമിതയായത്. സിറിയന്‍ വംശജയാണ് ഈ 43കാരി.

വനിതാ ഡ്രൈവിങിന് അനുമതിക്ക് ഒരു മാസം അവശേഷിക്കെ സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ ആദ്യമായി വനിതക്ക് നിയമനം. ഇനാം ഗാസി അല്‍ അസ് വദ് എന്ന സിറിയിക്കാരിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഊബറിനൊപ്പം സജീവമായ കരീം ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയിലാണ് ഇവര്‍ക്ക് നിയമനം.

ഓണ്‍ലൈന്‍ ടാക്‌സിയായ കരീം വനിത ടാക്‌സി സര്‍വീസ് വിഭാഗത്തിലാണ് ഇനാം ഗാസി നിയമിതയായത്. സിറിയന്‍ വംശജയാണ് ഈ 43കാരി. സിറിയന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ട് ഇവര്‍ക്ക്. സൗദി ലൈസന്‍സ് ലഭിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വരികയാണിവര്‍. രണ്ട് മക്കളുള്ള ഇനാം ഗാസി വിവാഹമോചിതയാണ്. 2013 മുതല്‍ സ്വന്തം വാഹനത്തിനുടമയാണ്. സുരക്ഷയും വരുമാനവും ലക്ഷ്യം വെച്ചാണിവര്‍ ഈ മേഖലയിലേക്കെത്തുന്നത്.

അടുത്ത മാസം 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി. കഴിഞ്ഞ സെപ്റ്റംബറിലാണ് സല്‍മാന്‍ രാജാവ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. 3000 ത്തോളം വനിതകളാണ് കരീമില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്താന്‍ അപേക്ഷിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്.

രാജ്യത്ത് വനിതകള്‍ക്കും ടാക്‌സി സര്‍വീസിന് അനുമതിയുണ്ട്. സൗദിയിലെ ഭൂരിഭാഗം വനിതകളും ഓണ്‍ലൈന്‍ ടാക്‌സി സേവനം ഉപയോഗപ്പെടുത്തുന്നവരാണ്. വനിതാ ടാക്‌സികള്‍ എത്തുന്നതോടെ വനിതകള്‍ക്ക് സുരക്ഷിതമായ ടാക്‌സി സേവനമാകും ലഭ്യമാക്കാനാവുകയെന്ന് ഈ കമ്പനികള്‍ വിശ്വസിക്കുന്നു.