LiveTV

Live

Gulf

റമദാൻ മാസത്തെ അനാദരിച്ചാല്‍ പിഴ

റമദാൻ മാസത്തെ അനാദരിച്ചാല്‍ പിഴ
Summary
പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നവരിൽ നിന്ന് 100 ദീനാര്‍ ആണ് പിഴ ഈടാക്കുക. ഇതോടൊപ്പം ഒരു മാസത്തെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.

റമദാൻ മാസത്തെ അനാദരിക്കുന്നവർ പിഴ ഒടുക്കേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നവരിൽ നിന്ന് 100 ദീനാര്‍ ആണ് പിഴ ഈടാക്കുക. ഇതോടൊപ്പം ഒരു മാസത്തെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. നോമ്പ് വേളയിൽ ഭക്ഷണം കഴിക്കാന്‍ സൗകര്യം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും. ഭിക്ഷാടനം നടത്തുന്ന വിദേശികളെ വിചാരണയില്ലാതെ നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പകൽ സമയങ്ങളിൽ പൊതു സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർ 100 ദിനാർ പിഴയോ ഒരു മാസം തടവോ അല്ലെങ്കിൽ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടി വരും. നിരത്തുകളിലെ വേഗ പരിധി ഉൾപ്പെടെ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ആരാധനാലയങ്ങൾക്ക് പുറത്തും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ മറ്റുള്ളവരുടെ സൗകര്യം കൂടി പരിഗണിക്കണം. ഇഫ്താറിന് തൊട്ടു മുമ്പുള്ള സമയത്ത് ഗതാഗത തടസ്സമുണ്ടാകരുത്. ട്രക്കുകൾ അനുവദിച്ച സമയങ്ങളിലും ട്രാക്കുകളിലും മാത്രമേ ഓടിക്കാൻ പാടുള്ളൂ.

കാലത്ത് ആറുമണി മുതൽ അർദ്ധ രാത്രി റോഡിൽ തിരക്കുണ്ടെങ്കിൽ ഇടത് എമർജൻസി ട്രാക്കിലൂടെ വാഹനമോടിക്കാം. വലതു ഭാഗത്തെ എമർജൻസി ട്രാക്കിൽ സാധാരണ വാഹനങ്ങൾക്കു പ്രവേശനമില്ല. റമദാൻ കാലത്തു ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വിദേശികളെ പിടികൂടിയാലുടൻ നാടുകടത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഫർവാനിയ ഹവല്ലി, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ താമസകാര്യ വകുപ്പ് ഓഫീസുകൾ റമദാനിൽ ഉച്ച തിരിഞ്ഞു 2:30 മുതൽ വൈകീട്ട് 6:30 വരെ കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.