LiveTV

Live

Gulf

ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ

ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം  നാളെ
Summary
വിശ്വാസികള്‍ക്കിനി ആത്മസംസ്കരണത്തിന്റെ മുപ്പത് രാപ്പകല്‍ നീളം

കേരളത്തിലും അറബ് രാജ്യങ്ങളിലും നാളെ റമദാന്‍ വ്രതാരംഭം. രാജ്യത്തെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ സൌദി സുപ്രീം കോടതി ഇന്ന് ശഅ്ബാന്‍ മുപ്പതായി പ്രഖ്യാപിക്കുകയായിരുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍‌ത്തിയാക്കി വ്രതമാസത്തെ സ്വീകരിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു.

വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്‍ക്കവതരിച്ച റമദാന്‍ മാസം. വിശ്വാസികള്‍ക്കിനി ആത്മസംസ്കരണത്തിന്റെ മുപ്പത് രാപ്പകല്‍ നീളം. സര്‍വസജ്ജരാണ് റമദാനെ സ്വീകരിക്കാന്‍ വിശ്വാസികള്‍. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ പള്ളികളെല്ലാം വിശ്വാസികളെ സ്വീക്കരിക്കാനൊരുങ്ങിക്കഴിഞ്ഞു. ഇരു ഹറമുകളും വിശ്വാസികളുടെയും തീര്‍ഥാടകരുടേയും രാപകല്‍ ഭേദമന്യേയുള്ള കുത്തൊഴുക്കിന് സാക്ഷ്യം വഹിക്കുകയാണ്. ഇവര്‍ക്ക് പ്രാര്‍ഥനക്കും ഇഫ്താറിനും വിപുലമാണ് സൌകര്യങ്ങള്‍.

ഇഅ്തിഖാഫിനായി ഇരു ഹറമുകളിലേക്കുമുള്ള രജിസ്ട്രേഷന്‍ അന്തിമ ഘട്ടത്തിലാണ്. വ്രതമാസത്തെ സ്വീകരിക്കാന്‍ പള്ളികളെപ്പോലെ അകവും പുറവും വൃത്തിയാക്കി കാത്തിരിപ്പിന്റെ മണിക്കൂറിലാണ് വിശ്വാസികള്‍. പകല്‍ ദൈര്‍ഘ്യമേറുന്നതിനൊപ്പം 40 ഡിഗ്രിക്ക് മേലെയാകും അറബ് രാജ്യങ്ങളില്‍ റമദാനിലെ ചൂട്. കൊടും ചൂടിലും ആത്മ സംസ്കരണത്തിന്റെ കുളിരേറ്റുവാങ്ങാന്‍ കാത്തിരിപ്പാണ് വിശ്വാസികള്‍.