LiveTV

Live

Gulf

ഷാർജയിലും വടക്കൻ എമിറേറ്റുകളിലും വാടക കുറയുന്നു

ഷാർജയിലും വടക്കൻ എമിറേറ്റുകളിലും വാടക കുറയുന്നു
Summary
പഴക്കം ചെന്ന കെട്ടിടങ്ങളിലെ താമസക്കാർക്ക്​ ഉടമകൾ വാടകയിൽ ഇളവ്​ നൽകിയതാണ്​ ഷാർജ റോളയിലും മറ്റും പ്രതിഫലിച്ചത്​

ഷാർജയിലും വടക്കൻ എമിറേറ്റുകളിലും വാടക കുറയുന്നതായി റിപ്പോർട്ട്​. ഒന്നു മുതൽ 12 ശതമാനം ​വരെയാണ്​ വാടക നിരക്ക്​ കുറഞ്ഞിരിക്കുന്നത്​.

റിയൽ എസ്​റ്റേറ്റ്​ കൺസൾട്ടൻസി സ്ഥാപനമായ ആസ്​റ്റെകോയുടെ റിപ്പോർട്ടിലാണ്​ വാടക കുറയുന്ന പ്രവണത വരച്ചുകാട്ടുന്നത്​. ഷാർജ റോളയിലും അജ്​മാനിലുമാണ്​ വാടക ഗണ്യമായി കുറഞ്ഞത്​​. നടപ്പു വർഷം ഈ പ്രവണതക്ക്​ ആക്കം കൂടി. എണ്ണവിലയിലെ ഏറ്റക്കുറച്ചിലും മൂല്യവർധിത നികുതിയും പൊതുവായ സാമ്പത്തിക ഘടകങ്ങളും വാടകയെ സ്വാധീനിച്ചുവെന്നാണ്​ ആസ്​റ്റെകോ എം.ഡി ജോൺ സ്​റ്റീവൻസ്​ വ്യക്തമാക്കുന്നത്​. പഴക്കം ചെന്ന കെട്ടിടങ്ങളിലെ താമസക്കാർക്ക്​ ഉടമകൾ വാടകയിൽ ഇളവ്​ നൽകിയതാണ്​ ഷാർജ റോളയിലും മറ്റും പ്രതിഫലിച്ചത്​. എന്നാൽ ഷാർജയിലെ അബൂ ഷഗാറ, അൽ ബുതൈന, അൽ യർമൂഖ്​, അൽവഹ്​ദ എന്നിവിടങ്ങളിൽ വാർഷിക വാടക നിരക്കിൽ കാര്യമായ കുറവ്​ സംഭവിച്ചിട്ടില്ല. വടക്കൻ എമിറേറ്റുകളിലെ അപാർട്ട്​മെന്റുകളിലും മറ്റും വാടക നിരക്കിൽ കാര്യമായ കുറവ്​ സംഭവിച്ചതായും റിപ്പോട്ട്​ പറയുന്നു. അജ്​മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഇതു പ്രകടമാണ്​. 2025 ഓടെ കൂടുതൽ ഭവനനിർമാണ യൂണിറ്റുകൾ ഷാർജയിലും വടക്കൻ എമിറേറ്റുകളിലും യാഥാർഥ്യമാകും. വരും വർഷങ്ങളിൽ താമസക്കാരുടെ എണ്ണത്തിൽ രൂപപ്പെടുന്ന വർധന കൂടിയാകുമ്പോൾ വാടക നിരക്കിൽ സന്തുലിതത്വം ഉണ്ടാകുമെന്നാണ്​ വിലയിരുത്തൽ.