LiveTV

Live

Gulf

എണ്ണ വില ഉയരുന്ന പ്രവണത ഇന്ത്യൻ രൂപക്ക്​ വീണ്ടും തിരിച്ചടിയാകും

എണ്ണ വില ഉയരുന്ന പ്രവണത ഇന്ത്യൻ രൂപക്ക്​ വീണ്ടും തിരിച്ചടിയാകും
Summary
യു.എ.ഇ ദിർഹം ഉൾപ്പെടെ ഗൾഫ്​ കറൻസികൾക്ക്​ മികച്ച മൂല്യമാണ്​ പ്രവാസികൾക്ക്​ ഇപ്പോൾ ലഭിക്കുന്നത്​


ആഗോള വിപണിയിൽ എണ്ണ വില ഉയരുന്ന പ്രവണത ഇന്ത്യൻ രൂപക്ക്​ വീണ്ടും തിരിച്ചടിയാകും. യു.എ.ഇ ദിർഹം ഉൾപ്പെടെ ഗൾഫ്​ കറൻസികൾക്ക്​ മികച്ച മൂല്യമാണ്​ പ്രവാസികൾക്ക്​ ഇപ്പോൾ ലഭിക്കുന്നത്​. കുറച്ചു കാലം കൂടി ഈ സാഹചര്യം തുടർന്നേക്കുമെന്നാണ്​ വിലയിരുത്തൽ.

എണ്ണ വിപണിയിൽ രൂപപ്പെട്ട ഉണർവും നിരക്കുവർധനയുമാണ്​ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവിന്​ കാരണമായത്​. പ്രധാന എണ്ണ ഇറക്കുമതി രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ സമ്പദ്​ ഘടന തന്നെ ഉലക്കാൻ പോന്നതാണ്​ ​പെട്രോളിയം വിലവർധന. ബാരലിന്​ 80 മുതൽ 100 ഡോളർ വരെ വില ഉയർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ്​ ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്ന ആശങ്കയും രൂപപ്പെട്ടിരിക്കുന്നത്​. ഡോളറിന്​ 66. 74 എന്നതാണ്​ രൂപയുമായുള്ള വിനിമയ മൂല്യം. ഗൾഫ്​ കറൻസികളിലും ഇതു പ്രകടമാണ്​. ഒരു ദിർഹത്തിന്​ 18 രൂപ 16 പൈസ എന്നതാണ്​ പുതിയ നിരക്ക്​. എണ്ണവില ഉയരുകയും ഇന്ത്യയിൽ റിസർവ്​ ബാങ്ക്​ പുതിയ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തില്ലെങ്കിൽ രൂപ വീണ്ടും കൂപ്പുകുത്താനിടയുണ്ടെന്നാണ്​ സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്​.

ഗൾഫിലെ പണവിനിമയ സ്ഥാപനങ്ങളിൽ നല്ല തിരക്കാണുള്ളത്​. മാസാവസാനം ആയതോടെ കൂടുതൽ വിനിമയ മൂല്യം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ്​ പ്രവാസികൾ. എന്നാൽ നാട്ടിൽ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അവിടെ ചെലവേറും എന്നതിനാൽ പ്രവാസികൾക്ക്​ വിനിമയ മൂല്യം കൊണ്ട്​ കൂടുതൽ മെച്ചം ഉണ്ടാകാൻ ഇടയില്ല. എണ്ണവില വർധന തുടർന്നാൽ ഇന്ത്യയിൽ പണപ്പെരുപ്പവും രൂക്ഷമാകുന്ന സാഹചര്യമാകും ഉണ്ടാവുക.