LiveTV

Live

Gulf

അധ്യാപക ലെവിയും ആശ്രിത ലെവിയും തിരിച്ചടി: സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോക്ക്

അധ്യാപക ലെവിയും ആശ്രിത ലെവിയും തിരിച്ചടി: സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോക്ക്
Summary
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടിസിക്കുള്ള അപേക്ഷകള്‍ ഇത്തവണ കൂടിയിട്ടുണ്ട്.

സൌദിയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടങ്ങി. അധ്യാപകരുടെ പുതിയ ലെവിയും ആശ്രിത ലെവിയും ഇരട്ടിച്ചതുമാണ് വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങാന്‍ കാരണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടിസിക്കുള്ള അപേക്ഷകള്‍ ഇത്തവണ കൂടിയിട്ടുണ്ട്.

സൌദിയുടെ വിവിധ ഭാഗങ്ങളിലെ സ്കൂളുകള്‍ വെക്കേഷനിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതോടെയാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷകരുടെ എണ്ണം കൂടിയത്. ആശ്രിത ലെവി ഇത്തവണ ഇരട്ടിച്ചതാണ് പ്രധാന കാരണം. ഒപ്പം എംബസിക്ക് കീഴിലെ അധ്യാപകര്‍ക്ക് 9500 റിയാല്‍ ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതും ഈ വര്‍ഷമാണ്. ഇത് മുന്നില്‍ കണ്ട് വിവിധ എംബസി സ്കൂളുകളില്‍ ഫീസും കൂട്ടി. ഇതെല്ലാം ഒന്നിച്ചു വന്ന സാഹചര്യമാണ് പ്രവാസി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്. വിവിധ എംബസി സ്കൂളുകള്‍ അധ്യാപകരുടെ ലെവിത്തുക ഉടന്‍ അടക്കും. ഇതിനു മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. എംബസിക്ക് കീഴിലെ സ്കൂളുകളില്‍ 10 ശതമാനം മാത്രമാണ് സ്കൂളിന്റെ നേരിട്ടുള്ള വിസയില്‍ നാട്ടില്‍ നിന്നെത്തിയവര്‍. ഇവര്‍ക്ക് ലെവി ബാധകമല്ല. ജോലി ചെയ്യുന്നവരില്‍ 90 ഭൂരിഭാഗവും ആശ്രിത വിസയിലെത്തിയവരാണ്. ചില എംബസി സ്കൂളുകള്‍ ഇവരുടെ തുക നേരിട്ടടക്കും. മറ്റിടങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫീസ് കൂട്ടിയാണ് പരിഹാരം കാണുന്നത്. അടുത്ത ജനുവരിയില്‍ ആശ്രിത ലെവി വീണ്ടും കൂടും. ഈ സാഹചര്യങ്ങള്‍ കണക്ക് കൂട്ടിയാണ് പ്രവാസി കുടുംബങ്ങളുടെ മടക്കം. അതേ സമയം നേരത്തെ കണക്കുകൂട്ടിയ അത്രയൊന്നും കൊഴിഞ്ഞ് പോക്കില്ലെന്നാണ് വിവിധ സ്കൂളുകളുടെ പക്ഷം.