LiveTV

Live

Gulf

സൌദി കൊട്ടാരത്തിന് സമീപം അ‍ജ്ഞാത ഡ്രോണ്‍; വെടിവെച്ച് വീഴ്‍ത്തി

സൌദി കൊട്ടാരത്തിന് സമീപം അ‍ജ്ഞാത ഡ്രോണ്‍; വെടിവെച്ച് വീഴ്‍ത്തി
Summary
എന്നാല്‍ ഡ്രോണയച്ചത് പരിസര പ്രദേശത്ത് നിന്നാണ്.

സൌദിയിലെ റിയാദില്‍ അജ്ഞാത ഡ്രോണ്‍ സുരക്ഷാ സേന വെടിവെച്ച് വീഴ്ത്തി. അല്‍ കൊസാമ മേഖലയിലെ കൊട്ടാരത്തോട് ചേര്‍ന്നാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞയാഴ്ച റിയാദ് ലക്ഷ്യമാക്കി ഹൂതികള്‍ മിസൈലയച്ചിരുന്നു. എന്നാല്‍ ഡ്രോണയച്ചത് പരിസര പ്രദേശത്ത് നിന്നാണ്.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. റിയാദിലെ കൊസാമയിലെ കൊട്ടാരത്തോട് ചേര്‍ന്ന് ആകാശത്താണ് ഡ്രോണ്‍ കണ്ടത്. നിയന്ത്രിതമായ ഈ മേഖലയിലേക്ക് ഡ്രോണ്‍ വരുന്നത് കണ്ടതോടെ തുടര്‍ച്ചയായി വെടിമുഴങ്ങി. ഇതോടെ പരിസര മേഖലയിലുള്ളവര്‍ പരിഭ്രാന്തരായി. സോഷ്യല്‍ മീഡിയകളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് റിമോട്ട് വഴി നിയന്ത്രിക്കുന്ന ചെറിയ കളിപ്പാട്ട ഡ്രോണാണ് എത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചത്. സൌദിയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് അനുമതിയോടെ മാത്രമേ അനുവദിക്കാറുള്ളൂ. സുരക്ഷാ മേഖലയില്‍ ഡ്രോണെത്തിയത് പക്ഷേ ഗൌരവത്തോടെയാണ് പൊലീസ് കാണുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ആരാണ് ഡ്രോണ് നിയന്ത്രിച്ചത് എന്നത് വ്യക്തമല്ല. കഴിഞ്ഞയാഴ്ച യമനില്‍ നിന്നും ഹൂതികളയച്ച ഡ്രോണ്‍ അബഹ വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ സേന തകര്‍ത്തിരുന്നു. പുതിയ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സ്ഥിരീകരിച്ചിട്ടില്ല.