LiveTV

Live

Gulf

അറബ് ലീഗ് ഉച്ചകോടി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Summary
കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന "ഇത്ര" സമുച്ചയം അറബ് സമ്മിറ്റിന് സ്വാഗതമോതി ദീപ പ്രഭയണിഞ്ഞു.

ഇരുപത്തി ഒമ്പതാമത് അറബ് ലീഗ് ഉച്ചകോടിക്കുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ആരാംകോ കോമ്പൗണ്ടിലാണ് ഉച്ചകോടി. കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന "ഇത്ര" സമുച്ചയം അറബ് സമ്മിറ്റിന് സ്വാഗതമോതി ദീപ പ്രഭയണിഞ്ഞു.

ഞായറാഴ്ചയാണ് 29ാമത് അറബ് ലീഗ് സമ്മേളനം നടക്കുന്നത്. ദമ്മാമിലെ ദഹ്‌റാനില്‍ വെച്ചാണ് ഇപ്രാവശ്യത്തെ അറബ് ലീഗ് സമ്മേളനം. 22 രാജ്യങ്ങളാണ് സമ്മേളനത്തിന്‍റെ ഭാഗമാകുക. സമ്മേളനത്തിന്‍റെ ഭാഗമായി പ്രവിശ്യയില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവിശ്യയിലെ പ്രധാന റോഡുകളെല്ലാം സൗദി സുരക്ഷാ വിഭാഗത്തിന്‍റെ കര്‍ശന നിയന്ത്രണത്തിലാക്കിയിരുന്നു. സമ്മേളനം നടക്കുന്ന ദഹ്‌റാനിലെ "ഇത്ര" ഓഡിറ്റോറിയം കഴിഞ്ഞ ദിവസം മുതല്‍ സമ്മേളനത്തെ വരവേറ്റ് കൊണ്ട് ത്രിമാന ദീപങ്ങളാല്‍ അലംകൃതമായി. സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ദമ്മാമില്‍ എത്തിയിരുന്നു. സമ്മേളനത്തിന്‍റെ ഭാഗമായി പ്രവിശ്യയിലെ വിവിധ റോഡുകളില്‍ നാളെ മുതല്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ദഹ്റാനിലെ അരാംകോ ഓഫീസുകള്‍ക്ക് ഞായറാഴ്ച അവധിയും പ്രഖ്യാപിച്ചു.