LiveTV

Live

Gulf

പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക്​ ഒമാനിൽ സമ്പൂർണ നിരോധം

പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക്​ ഒമാനിൽ സമ്പൂർണ നിരോധം
Summary
സമൂഹ മാധ്യമങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയിലുള്‍പ്പെടെ ‍ പുകയിലയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പരസ്യം പാടില്ലെന്ന്

പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക്​ ഒമാനിൽ സമ്പൂർണ നിരോധം. വാര്‍ത്താ വിനിമയ മന്ത്രാലയമാണ് നിരോധം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. സമൂഹ മാധ്യമങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയിലുള്‍പ്പെടെ ‍ പുകയിലയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പരസ്യം പാടില്ലെന്ന് വാർത്താ വിനിമയ മന്ത്രി ഡോ. അബ്ദുൽ മുനീം അൽ ഹസനി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

25/84ാം നമ്പര്‍ പ്രസ്​ ആൻറ്​ പബ്ലിക്കേഷൻ നിയമത്തിലെ എക്സിക്യൂട്ടീവ്​ റെഗുലേഷനുകളിൽ പെടുന്ന 36ാം അനുച്ഛേദത്തിന്‍റെ ഭേദഗതിയായാണ്​ പുതിയ ഉത്തരവ്​ പുറത്തിറങ്ങിയത്​. എല്ലാത്തരം മാധ്യമങ്ങളിലും പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു നേരത്തേയുള്ള ഉത്തരവ്​. പുകയില ഉപയോഗം കുറക്കുന്നതിനായുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ്​ പുകയില ഉൽപന്നങ്ങൾ സമ്പൂർണമായി നിയമം മൂലം നിരോധിച്ചത്​. നിയമലംഘർക്കെതിരായ ശിക്ഷ സംബന്ധിച്ച്​ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. പുകയില ഉൽപന്നങ്ങളുടെ നികുതി 200​ ശതമാനമായി ഉയർത്തുന്നത്​ ആലോചനയിലുണ്ടെന്ന്​ ആരോഗ്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. നിലവിൽ 100​ ശതമാനമാണ്​ നികുതി. പകർച്ചവ്യാധിയിതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ്​ ഈ ആലോചന. അടുത്ത വർഷം വാറ്റ്​ കൂടി നടപ്പാക്കുന്നതോടെ പുകയില ഉൽപന്നങ്ങളുടെ വില ഇനിയും ഉയരുകയും ചെയ്യും.