LiveTV

Live

Gulf

റാസല്‍ഖൈമയില്‍ വേറിട്ടൊരു സമൂഹവിവാഹം

റാസല്‍ഖൈമയില്‍ വേറിട്ടൊരു സമൂഹവിവാഹം
Summary
റാസല്‍ഖൈമയുടെ കിരീടാവകാശിയും ജീവിതസഖിയുടെ കൈപിടിക്കാന്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു

റാസല്‍ഖൈമയില്‍ വേറിട്ടൊരു സമൂഹവിവാഹം. 174 സ്വദേശി യുവതി-യുവാക്കള്‍ ഒരേ വേദിയില്‍ വിവാഹിതരായി എന്നത് മാത്രമല്ല, റാസല്‍ഖൈമയുടെ കിരീടാവകാശിയും ജീവിതസഖിയുടെ കൈപിടിക്കാന്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

യു എ ഇ ഭരണാധികാരികള്‍ മുഴുവന്‍ അതിഥികളായി എത്തിയ വിവാഹം. കൂറ്റന്‍ പന്തലും വേദിയും ഒരു നാടാകെ വിരുന്നെത്തിയ സമൂഹവിവാഹം. 174 വധൂവരന്‍മാരാണ് പുതുജീവിതത്തിലേക്ക് കടന്നത്. ഇതൊന്നുമല്ല റാസല്‍ഖൈമയിലെ സമൂഹവിവാഹത്തെ വേറിട്ടതാക്കിയത്. സാധാരണ പൗരന്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹവിവാഹവേദി തന്നെ രാജകുടുംബാഗമായ തന്റെ നിക്കാഹിനും മതി എന്ന് നിശ്ചയിച്ച റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമിയായിരുന്നു താരം. വരന്‍മാരിലൊരാളുടെ പിതാവായി റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി അതിഥികളെ സ്വീകരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ റാശിദ് ആല്‍മുല്ല തുടങ്ങി ഭരണരംഗത്തെ പ്രമുഖരെല്ലാം അതിഥികളായി എത്തിയിരുന്നു.