LiveTV

Live

Gulf

സൌദിവത്കരണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി വന്‍ വിജയം

സൌദിവത്കരണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി വന്‍ വിജയം
Summary
സൌദി പൌരന്മാരെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.

സൌദി പൌരന്മാരെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി വന്‍ വിജയത്തിലേക്ക്. ഇതുവരെ രണ്ടര ലക്ഷം സ്ഥാപനങ്ങള്‍ പദ്ധതി ഉപയോഗപ്പെടുത്തി സ്വദേശികളെ നിയമിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനാരംഭിച്ച പദ്ധതി വിദേശികള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു.

സൌദിയില്‍ ശക്തമായ സ്വദേശിവത്കരണമാണ് നടക്കുന്നത്. ഇതില്‍ ചില സ്ഥാപനങ്ങള്‍ പിന്നോക്കം പോകുന്നതായി മന്ത്രാലയം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതി കൊണ്ടു വന്നു. സൌദി പൌരന്മാരെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതായിരുന്നു അത്. പദ്ധതി വഴി രണ്ടു വർഷത്തേക്ക് സൗദി ജീവനക്കാരുടെ വേതനത്തിൽ ഒരു വിഹിതം മാനവശേഷി വികസന നിധി വഹിക്കും. പുരുഷ ജീവനക്കാരുടെ വേതനത്തിന്റെ 15 ശതമാനവും വനിതാ ജീവനക്കാരുടെ വേതനത്തിന്റെ 20 ശതമാനവുമാണ് മാനവശേഷി വികസന നിധി വഹിക്കുക. സൗദികളെ ജോലിക്കു നിയോഗിക്കുന്നതിനുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുകയായിരുന്നു ലക്ഷ്യം.

ഇതുവരെ 2,55,446 സ്ഥാപനങ്ങൾ പദ്ധതിയില്‍ രജിസ്റ്റർ ചെയ്തു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈലാണ് ഇക്കാര്യമറിയിച്ചത്. പദ്ധതി വഴി സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശി പൌരന്മാരുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ട്. നിരവധി വിദേശികള്‍ക്ക് ഇതുവഴി വഴി മാറേണ്ടി വന്നു. 2017 ജൂലൈ 31 നു ശേഷം സ്വകാര്യ സ്ഥാപനങ്ങളിൽ നിയമിച്ച മുഴുവൻ സൗദി ജീവനക്കാരുടെ പേരിലും പദ്ധതി പ്രയോജനപ്പെടുത്താൻ തൊഴിലുടമകൾക്ക് സാധിക്കും.