LiveTV

Live

Gulf

ഒമാനിൽ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു

ഒമാനിൽ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു
Summary
നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്ക് മാനവിഭവശേഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ഒമാനിൽ സ്വദേശിവത്കരണതോത് ​പാലിക്കാത്ത കമ്പനികൾക്ക് ​കർശന മുന്നറിയിപ്പുമായി മാനവ വിഭവശേഷി മന്ത്രാലയം. സർവകലാശാല ബിരുദധാരികൾ, ഡിപ്ലോമ ധാരികൾ എന്നിവർക്ക്​ തൊഴിൽ ലഭ്യമാക്കുന്നതിനായിരിക്കും രണ്ടാംഘട്ടത്തില്‍ മുൻഗണന നൽകുകയെന്ന് ​മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു.

വിവിധ തലങ്ങളിലുള്ള 218 തൊഴിലവസരങ്ങൾ സംബന്ധിച്ച പട്ടിക മാൻപവർ രജിസ്ട്രി പൊതുഅതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഒമാൻ എൽ.എൻ.ജി, ഗൾഫാർ, ഒയാസിസ് വാട്ടർ കമ്പനി തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയും അഭിമുഖവുമടക്കം നടപടിക്രമങ്ങളും നടന്നുവരുന്നുണ്ട്​. ഒമാനികളെ ജോലിക്കെടുക്കാനുള്ള വിമുഖത തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കൽ അടക്കം നടപടികളെടുക്കുമെന്ന്​ മാനവ വിഭവശേഷി മന്ത്രാലയം പ്ലാനിങ്​ ആന്റ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ ജനറൽ സാലിം അൽ ഹദ്റമി പറഞ്ഞു.

സ്വദേശിവത്കരണതോത്​പാലിക്കാത്ത 199 കമ്പനികൾക്ക് എതിരെ കഴിഞ്ഞ മാസം നടപടിയെടുത്തിരുന്നു. നിയമാനുസൃതമുള്ള സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ, നടപടിക്കിരയായ കമ്പനികൾ വേഗത്തിലാക്കണമെന്ന് സാലിം അൽ ഹദ്റമി പറഞ്ഞു. നിലവിലെ നടപടി വിദേശതൊഴിലാളികളെ ബാധിക്കില്ല. എന്നാൽ നടപടിയെ സ്ഥാപനം ഗൗരവമായി കണ്ട്​സ്വദേശിവത്കരണത്തിന്​വേഗത വർധിപ്പിക്കാത്ത പക്ഷം തൊഴിലാളികളുടെ വിസ റദ്ദാക്കുന്നത്​ഉൾപ്പെടെ നടപടികളിലേക്ക്​മന്ത്രാലയം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണതോത്​ പാലിക്കാത്ത തൊഴിലുടമകളിൽ നിന്ന്​കുറവുള്ള ഓരോ തൊഴിലാളിക്കും 250 റിയാൽ മുതല്‍ 500 റിയാൽ വരെ എന്ന നിരക്കിൽ പിഴ ചുമത്താമെന്നാണ് ഒമാനി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 നിർദേശിക്കുന്നത്​. ആറുമാസത്തിനുള്ളിൽ നിയമാനുസൃതമുള്ള സ്വദേശിവത്കരണതോത്​പാലിക്കുകയും വേണം. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാവുകയും ചെയ്യും.