LiveTV

Live

Gulf

ജിദ്ദയില്‍ കൊട്ടാരത്തിനടുത്ത് വെടിവെപ്പ്; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ജിദ്ദയില്‍ കൊട്ടാരത്തിനടുത്ത് വെടിവെപ്പ്; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
Summary
സൗദി റോയല്‍ ഗാര്‍ഡ് സൈനികരാണ് കൊല്ലപ്പെട്ട രണ്ടു പേരും...

സൗദി ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. സൗദി സ്വദേശിയായ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. സംഭവത്തെ തുടര്‍ന്ന് ജാഗ്രതയിലാണ് സുരക്ഷാ സേന.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നേകാലിനാണ് സംഭവം. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തിന് സമീപം കാറിലാണ് അക്രമിയെത്തിയത്. തുടര്‍ന്ന് പടിഞ്ഞാറേ ഗെയ്റ്റിന് സമീപത്തെ പൊലീസ് ഔട്ട്‌പോസ്റ്റിന് നേരെ തുടരെ വെടിവെക്കുകയായിരുന്നു. സൗദി റോയല്‍ ഗാര്‍ഡ് സൈനികരാണ് കൊല്ലപ്പെട്ട രണ്ടു പേരും.

ഹമ്മാദ് അല്‍ മുതൈരി, അബ്ദുല്ല അസുബൈഇ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. മന്‍സൂര്‍ അല്‍ ആമിരി എന്നയാളാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 28 കാരനായ ആമിരി സൗദി പൌരനാണ്. ഇയാളെത്തിയ കാറില്‍ നിന്ന് മൂന്ന് ബോബുകളും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം റിയാദിലെ മൂന്നിടങ്ങളില്‍ സുരക്ഷാ സേന ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആക്രമണമുണ്ടായതോടെ രാജ്യത്ത് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി.