LiveTV

Live

Gulf

ഉപരോധം മറികടക്കാന്‍ ഖത്തര്‍ നടപടികള്‍ ഊര്‍ജിതമാക്കി

Summary
പ്രാദേശിക ഉത്പന്നങ്ങള്‍ വ്യാപകമായി വിപണിയിലെത്തിക്കുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യോത്പന്ന ഇറക്കുമതിയും വര്‍ദ്ധിപ്പിച്ചു

സൌദി സഖ്യരാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ ഖത്തര്‍ നടപടികള്‍ ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായി പ്രാദേശിക ഉത്പന്നങ്ങള്‍ വ്യാപകമായി വിപണിയിലെത്തിക്കുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യോത്പന്ന ഇറക്കുമതിയും വര്‍ദ്ധിപ്പിച്ചു. ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യശേഖരം രാജ്യത്തുണ്ടെന്ന് ഖത്തര്‍ ചേംബര്‍ അറിയിച്ചു. ഇതിനിടെ ഖത്തറില്‍ സേനയെ വിന്യസിക്കാന്‍ തുർക്കി പാർലമെന്‍റ് അനുമതി നല്‍കി. 2014ല്‍ ഒപ്പുവച്ച കരാര്‍ പുതിയ സാഹചര്യത്തില്‍ തിരക്കിട്ട് നടപ്പാക്കുകയായിരുന്നു.

സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം ഖത്തറിലെ ജനജീവിതത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് സൂഖുകളിലെയും ചില്ലറവില്‍പ്പന കേന്ദ്രങ്ങളിലെയും കാഴ്ചകള്‍ വ്യക്തമാക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വളരെ പെട്ടെന്ന് തന്നെ പ്രാദേശിക ഉത്പന്നങ്ങള്‍ ഇടം കണ്ടെത്തി. സ്വദേശികളും പ്രവാസികളും ഖത്തരി ഉത്പന്നങ്ങള്‍ തേടി മാര്‍ക്കറ്റുകളിലെത്തുന്നുണ്ട്. "ഞാന്‍ ഖത്തരി ഉത്പന്നങ്ങളെ പിന്തുണക്കുന്നു" എന്ന അറബിക് ഹാഷ് ടാഗോടു കൂടി സാമ്പത്തിക വാണിജ്യ മന്ത്രാലയം ആരംഭിച്ച സ്വദേശി കാമ്പയിനിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് .

ഇതോടൊപ്പം സൗദി അറേബ്യക്കും യുഎഇക്കും പകരം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങളും ഖത്തര്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയും പുതിയ ഹമദ് പോര്‍ട്ട് വഴിയും അതിവേഗത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്തേക്കെത്തിയത്. ഇന്ത്യ, ബംഗ്ലാദേശ് എന്നിവിങ്ങളില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതിയും വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യശേഖരം രാജ്യത്തുണ്ടെന്നാണ് ഖത്തര്‍ ചേംബര്‍ അറിയിച്ചത്. നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ ഒഴിവാക്കി മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലെത്തിച്ചാണ് ഖത്തര്‍ പുതിയ പ്രതിസന്ധിയെ മറികടക്കുന്നത്.