LiveTV

Live

Gulf

തണലേകി മിഴിവേകി മസ്ജിദുന്നബവിയുടെ മുറ്റത്തെ കുടകള്‍

തണലേകി മിഴിവേകി മസ്ജിദുന്നബവിയുടെ മുറ്റത്തെ കുടകള്‍
Summary
മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തുന്ന ഓരോ സന്ദര്‍ശനകനെയും ആകര്‍ഷിക്കുന്നതാണ് പള്ളിയുടെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള കുടകള്‍. പള്ളിയില്‍ പ്രാര്‍ഥനക്ക് എത്തുന്ന വിശ്വാസികള്‍ക്ക്..

മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തുന്ന ഓരോ സന്ദര്‍ശനകനെയും ആകര്‍ഷിക്കുന്നതാണ് പള്ളിയുടെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള കുടകള്‍. പള്ളിയില്‍ പ്രാര്‍ഥനക്ക് എത്തുന്ന വിശ്വാസികള്‍ക്ക് തണല്‍ നല്‍കുന്നതോടൊപ്പം മസ്ജിദുന്നബവിക്ക് ഭംഗി നല്‍കുന്നത് കൂടിയാണ് ഈ ആത്യാധുനിക കൂറ്റന്‍ കുടകള്‍.

മസ്ജിദുന്നബവിയില്‍ പ്രാര്‍ഥിക്കാനെത്തുന്ന വിശ്വാസികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതോടെയാണ് പള്ളിയുടെ നാല് ഭാഗത്തും മുറ്റങ്ങളില്‍ വലിയ കുടകള്‍ സ്ഥാപിച്ചത്. പകല്‍ സമയങ്ങളില്‍ മുറ്റത്ത് നമസ്കരിക്കുന്നവരെ വെയിലിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് എത്തുന്ന വിശ്വാസികള്‍ക്കാണ് ഈ കുട ഏറെ അനുഗ്രഹമാവുന്നത്.രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് ഈ കുടകളുടെ കീഴില്‍ നിന്ന് നമസ്കരിക്കാം.

തീര്‍ഥാടകര്‍ക്ക് ആശ്വാസം നല്‍കാന്‍ ഇരുനൂറ്റി അന്പത് കുടകളാണ് ഇപ്പോള്‍ മസ്ജിദുന്നബവിയില്‍ ഉള്ളത്. ഒരു ലക്ഷത്തി നാല്‍പത്തി മൂവായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഇതിന്‍റെ തണല്‍ ലഭിക്കും. ഒരു കുടക്ക് കീഴില്‍ എണ്ണൂറോളം പേര്‍ക്ക് നമസ്കരിക്കാം.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മദീനയിലേക്ക് പ്രത്യേകമായി നിര്‍മിച്ചവയാണ് ഈ കുടകള്‍. ജര്‍മനിയിലെ എസ്എല്‍ റാസ്ഷ് കന്പനിയിലെ ഡിസൈനര്‍മാരാണ് കുടയുടെ ഡിസൈനിംങ് നിര്‍വഹിച്ചത്. മാര്‍ബിള്‍ പതിച്ച കാലുകളിലാണ് കുട സ്ഥാപിച്ചത്. പതിനാല് മുതല്‍ പതിനഞ്ച് മീറ്റര്‍ വരെയാണ് ഇതിന്‍റെ ഉയരം. ഹൈഡ്രോളിക് സംവിധാനത്തിലാണ് പ്രവര്‍ത്തനം.

രാവിലെ തുറക്കുന്ന കുട വൈകീട്ട് സൂര്യന്‍ അസ്തമിക്കുന്നതോടെ അടക്കും. പിന്നെ ഇത് ഒരു തൂണ്‍ മാത്രമാണന്നേ തോന്നൂ. 2010ല്‍ അബ്ദുള്ള രാജാവിന്‍റെ കാലത്ത് നാലര ബില്യണ്‍ സൌദി റിയാല്‍ ചെലവഴിച്ചാണ് ഇരുഹറം കാര്യാലയം ഈ കുടകള്‍ സ്ഥാപിച്ചത്. നേരത്തെ സ്ഥാപിക്കാത്ത ചില ഭാഗങ്ങളില്‍ കൂടി പുതുതായി കുടകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.