LiveTV

Live

Gulf

ദുബൈയില്‍ ഭിന്നശേഷിക്കാരുടെ വിവരം ശേഖരിക്കുന്നു

ദുബൈയില്‍ ഭിന്നശേഷിക്കാരുടെ വിവരം ശേഖരിക്കുന്നു
Summary
അടുത്തിടെ ദുബൈ ദേരയില്‍ ഇന്ത്യന്‍ കുടുംബം താമസിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തമുണ്ടായപ്പോള്‍ നേരിട്ട അനുഭവമാണ് ദുബൈ സിവില്‍ ഡിഫന്‍സിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്...

ദുബൈയിലെ അഗ്‌നിശമന സേന ഓരോ വീട്ടിലുമുള്ള ഭിന്നശേഷിക്കാരുടെയും അവശത അനുഭവിക്കുന്നവരുടെയും വിവരം ശേഖരിക്കുന്നു. ആപല്‍ഘട്ടങ്ങളില്‍ ഇത്തരക്കാര്‍ക്ക് മുന്‍ഗണന നല്‍കി രക്ഷാപ്രവര്‍ത്തനം ആസൂത്രണം ചെയ്യാനാണ് ഈ നടപടി.

അടുത്തിടെ ദുബൈ ദേരയില്‍ ഇന്ത്യന്‍ കുടുംബം താമസിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തമുണ്ടായപ്പോള്‍ നേരിട്ട അനുഭവമാണ് ദുബൈ സിവില്‍ ഡിഫന്‍സിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. തീ പിടിച്ച ഫ്‌ളാറ്റില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന മകളെ വിട്ട് മറ്റു കുടുംബാഗങ്ങള്‍ പുറത്തുവരാന്‍ തയാറാകാതിരുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് ഓരോ വീട്ടിലെയും അംഗങ്ങളുടെ ശാരീരക ക്ഷമത രജിസ്റ്റര്‍ ചെയ്യാന്‍ സിവില്‍ഡിഫന്‍സ് തീരുമാനിച്ചത്.

ഏത് അവസ്ഥയില്‍ കഴിയുന്നവരെയും ആപല്‍ഘട്ടങ്ങളില്‍ സുരക്ഷാസ്ഥാനത്തേക്ക് മാറ്റാന്‍ സിവില്‍ ഡിഫന്‍സിലെ അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. പക്ഷെ അവരുടെ ശാരീരിക അവസ്ഥയെ കുറിച്ച് മുന്‍കൂട്ടി ധാരണ ലഭിച്ചിരിക്കണം എന്ന് മാത്രം. 997 എന്ന നമ്പറില്‍ വിളിച്ചാണ് അംഗങ്ങളുടെ വിവരം നല്‍കേണ്ടത്. ഫയര്‍ സ്‌റ്റേഷനില്‍ നേരിട്ടും നല്‍കാം. വിവരങ്ങള്‍ സ്മാര്‍ട്ട് ഹൗസ് സംവിധാനത്തില്‍ രേഖപ്പെടുത്തും. തീപിടിച്ച കെട്ടിടത്തിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടും മുമ്പേ വീട്ടിലെ ഓരോ അംഗത്തിന്റെയും ശാരീരിക ക്ഷമത സംബന്ധിച്ച് സേനക്ക് ധാരണ ലഭിക്കും.