LiveTV

Live

Gulf

മ്യൂറൽ പെയിൻറിങ്ങില്‍ വിസ്മയം തീര്‍ത്ത് ബിന്ദു

മ്യൂറൽ പെയിൻറിങ്ങില്‍ വിസ്മയം തീര്‍ത്ത് ബിന്ദു
Summary
കേരളത്തിലെ പരമ്പരാഗത മ്യൂറൽ പെയിൻറിങ്​ ശൈലിയിൽ ചിത്രം വരക്കുന്ന ഒമാനിലെ ഏക ചിത്രകാരി കൂടിയാണ്​ ബിന്ദു.

പരിശീലനത്തി​ന്‍റെയും അംഗീകാരത്തി​ന്‍റെയും പിൻബലമില്ലാതെ സർഗാത്​മകതയുടെ മാത്രം കരുത്തിൽ മനോഹരമായ കാൻവാസ്​ ചിത്രങ്ങൾ വരക്കുകയാണ്​ മസ്​കത്തിൽ വീട്ടമ്മയായ മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനിയായ ബിന്ദു. കേരളത്തിലെ പരമ്പരാഗത മ്യൂറൽ പെയിൻറിങ്​ ശൈലിയിൽ ചിത്രം വരക്കുന്ന ഒമാനിലെ ഏക ചിത്രകാരി കൂടിയാണ്​ ബിന്ദു.

പുരാണങ്ങളും ക്ഷേത്രകലകളുമൊക്കെയാണ്​ ബിന്ദുവിന്​ ഇഷ്​ടപ്പെട്ട വിഷയങ്ങൾ. ക്ഷേത്രകലകളാണ്​ ബിന്ദുവി​ന്​ കാൻവാസിലേക്ക്​ പകർത്താൻ ഏറെ ഇഷ്​ടം. രാധാ മാധവം, വിഗ്നേശ്വരൻ, കൃഷ്​ണൻ, മോഹിനി, അനന്തശയനം എന്നിവയാണ്​ ബിന്ദു ഇതുവരെ വരച്ച ചിത്രങ്ങൾ. അനന്തശയനം എന്ന ചിത്രം ഏറെ സങ്കീർണമാണെന്നും ചായം നൽകി തീർക്കാൻ മൂന്ന്​ മാസം വേണ്ടി വന്നതായും ബിന്ദു പറയുന്നു. ഫൈനാൻസിൽ എം.ബി.എക്ക്​ ഒപ്പം ഡിസൈനിങിൽ ഡിപ്ലോമയും ബിന്ദു നേടിയിട്ടുണ്ട്​.

മൂന്ന്​ വർഷം മുമ്പാണ്​ മ്യൂറൽ പെയിൻറിങ്ങിലേക്ക്​ തിരിഞ്ഞത്​. പെയിൻറിങ്​ പൂർത്തിയായതോടെ വീട്ടുകാരും സുഹൃത്തുക്കളും പ്രോൽസാഹിപ്പിക്കുകയും അതോടെ ഓൺലൈൻ വഴി കൂടുതൽ അറിവുകൾ നേടുകയുമായിരുന്നു.

ആദ്യം സ്​കെച്ചുകൾ വരച്ച്​ അതിൽ മഞ്ഞ ബെയ്​സും മറ്റ്​ കളറുകൾ ഷെയ്​ഡും നൽകിയാണ്​ പൂർത്തീകരിക്കുന്നത്​​. അഞ്ചിലധികം ചിത്രങ്ങൾ ഇതിനകം വിറ്റുപോയി. പ്രൊഫഷനൽ ഫോ​ട്ടോഗ്രാഫറായ മക​ൻ അർജു​ന്‍റെ ഫോട്ടോകളും തന്‍റെ ചിത്രങ്ങളും ഉൾപ്പെടുത്തി മസ്​കത്തിൽ ചിത്രപ്രദർശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ ബിന്ദു. ചിത്രം വരയോടൊപ്പം വസ്​ത്രങ്ങളുടെ ഡിസൈനിങ്ങും ബിന്ദു ചെയ്​ത്​ കൊടുക്കുന്നുണ്ട്​. സാരിക്കും ഷർട്ടിനുമെല്ലാം ഡിസൈനുകൾ ആവശ്യപ്പെട്ട്​ നിരവധി പേർ എത്തുന്നുണ്ട്​.