LiveTV

Live

Gulf

അഞ്ച് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിരോധം; വാര്‍ത്ത നിഷേധിച്ച് കുവൈത്ത്

Summary
കുവൈത്ത് പാര്‍ലമെന്‍റിന്റെ പഴയ ഫോട്ടോ ചേര്‍ത്തുള്ള പോസ്റ്റിൽ കുവൈത്തിന്റേത് സ്മാര്‍ട്ട് തീരുമാനമാണെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ആണ് ട്രംപ് ഫെയിസ് ബുക്കിൽ കുറിച്ചു.

അഞ്ച് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിരോധം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത കുവൈത്ത് ഔദ്യേഗികമായി നിഷേധിച്ചു. ചില രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായ വാര്‍ത്ത സത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ കുവൈത്തില്‍ തൊഴിലെടുക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുല്‍ കാര്യ അണ്ടര്‍ സെക്രട്ടറി സാമി അല്‍ ഹമദ് വ്യക്തമാക്കി.

വിലക്ക് ഏര്‍പ്പെടുത്തിയെന്ന് പറയപ്പെടുന്ന രാജ്യക്കാര്‍ക്ക് മറ്റുള്ളവരെ പോലുള്ള എല്ലാ അവകാശങ്ങളും കുവൈത്തില്‍ ഇപ്പോഴും ലഭ്യമാണെന്നും സാമി അല്‍ ഹമദ് പറഞ്ഞു. ഓരോ രാജ്യങ്ങള്‍ക്കും വിസ നല്‍കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉണ്ട് എന്നത് ശരിയാണ്. എന്നാല്‍, മതത്തിന്റെ പേരില്‍ പ്രത്യേക വിലക്ക് ഏര്‍പ്പെടുത്തുന്നത് കുവൈത്തിന്റെ രീതിയല്ല, പുതുതായി വിസ നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശ നയം പിന്തുടർന്ന് സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നീ മുസ്ലിം രാജ്യങ്ങളിലെ പൌരന്മാർക്കു കുവൈത്ത് വിസ നിരോധം ഏർപ്പെടുത്തി എന്നായിരുന്നു വാർത്ത.

റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് ഇന്റർ നാഷണൽ റിപ്പോർട്ട് ചെയ്ത വാര്‍ത്തയുടെ അടിസ്ഥാനത്തിൽ കുവൈത്തിൻറെ തീരുമാനത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഫെയിസ് ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചിരുന്നു കുവൈത്ത് പാര്‍ലമെന്‍റിന്റെ പഴയ ഫോട്ടോ ചേര്‍ത്തുള്ള പോസ്റ്റിൽ കുവൈത്തിന്റേത് സ്മാര്‍ട്ട് തീരുമാനമാണെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ആണ് ട്രംപ് ഫെയിസ് ബുക്കിൽ കുറിച്ചു.