LiveTV

Live

Gulf

ഇ അഹമ്മദിനോട് അനാദരവ്; പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ബല്‍റാം

ഇ അഹമ്മദിനോട് അനാദരവ്; പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ബല്‍റാം
Summary
പരാമര്‍ശം ജിദ്ദാ സന്ദര്‍ശനത്തിനിടെ

മുതിര്‍ന്ന പാര്‍ലമെന്റേറിയനും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ഇ. അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനാദരവിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരള ജനതയോട് മാപ്പ് പറയണമെന്ന് വി.ടി ബല്‍റാം എം. എല്‍. എ ആവശ്യപ്പെട്ടു. ഒ. ഐ.സി. സി പാലക്കാട് ജില്ല കമ്മിറ്റി ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ. അഹമ്മദിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം നടത്തിയ നടപടി മനുഷ്യത്വവിരുദ്ധമാണെന്നും കോണ്‍ഗ്രസ് ഈ വിഷയത്തില്‍ തുടര്‍ന്നും പ്രതിഷേധമുയര്‍ത്തുമെന്നും വി.ടി.ബല്‍റാം എം. എല്‍. എ പറഞ്ഞു.

പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കിലും ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഇന്ത്യയില്‍ പുതിയ മതേതരസഖ്യങ്ങള്‍ തേടുകയാണ്. യു.പിയിലെ പുതിയ സഖ്യം അതിന് തെളിവാണെന്നും എന്നാല്‍ ഇത്തരം സഖ്യത്തെ തുരങ്കം വെക്കുന്ന നിലപാടാണ് സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നും ബല്‍റാം കുറ്റപ്പെടുത്തി. ലോ അക്കാദമി കോളേജ് സമരത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ഥികളെ വഞ്ചിച്ചിരിക്കുകയാണ്. ഏതാനും ചിലര്‍ ചേര്‍ന്ന് ചില കടലാസുകളില്‍ ഒപ്പു വെച്ചതുകൊണ്ടു സമരം വിജയിച്ചുവെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ഗോഡ് ഫാദര്‍മാരെ കേന്ദ്രീകരിച്ച് സ്ഥാനമാനങ്ങള്‍ ലഭിച്ചിരുന്ന കാലം അസ്തമിച്ചിരിക്കുന്നു. ജനാധിപത്യപരമായ രീതിയില്‍ ആണ് ഇപ്പോള്‍ പലര്‍ക്കും പദവികള്‍ ലഭിക്കുന്നതെന്നും അടുത്ത കാലത്ത് കോണ്‍ഗ്രസിലുണ്ടായ ഏറ്റവും വിപ്ലവകരമായ നടപടിയാണ് പുതുതലമുറക്കാര്‍ക്ക് ഡി.സി.സി അധ്യക്ഷ പദവി നല്‍കിയതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഒ.ഐ.സി.സി ജിദ്ദ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍, പാലക്കാട് ജില്ലാകമ്മിറ്റി ഭാരവാഹികളായ മുജീബ് മുത്തേടത്ത്, കരീം മണ്ണാര്‍ക്കാട്, മുജീബ് തൃത്താല, ജിതേഷ് എറകുന്നത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.